പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളുമായി കുവൈത്ത് നഗരസഭ
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പൊതുഗതാഗത സേവനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ റിപ്പോർട്ട് ചർച്ച ചെയ്തു. കുവൈത്ത് നഗരസഭയുടെ പൊതുഗതാഗത കമ്മിറ്റി തയ്യാറാക്കിയ ഈ റിപ്പോർട്ട് ഞായറാഴ്ച ചേർന്ന ഉന്നത ട്രാഫിക് കൗൺസിൽ യോഗത്തിലാണ് ചർച്ച ചെയ്തത്.
കുവൈത്തിനെ മേഖലയിലെ പ്രമുഖ സാമ്പത്തിക വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന് മികച്ച ഗതാഗത സംവിധാനം ആവശ്യമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമായും ബസുകളിലുള്ള പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ കേന്ദ്രീകരിക്കുന്നത്. റോഡുകളുടെയും കവലകളുടെയും രൂപകൽപ്പനയിൽ മാറ്റം വരുത്തുക, ട്രാഫിക് ബോധവൽക്കരണം വർദ്ധിപ്പിക്കുക, പുതിയ സാങ്കേതികവിദ്യകൾ ഗതാഗത രംഗത്ത് ഉപയോഗപ്പെടുത്തുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.
ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്ന് യോഗത്തിൽ അധികൃതർ അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയ ഉപമന്ത്രി ലെഫ്റ്റനന്‍റ് ജനറൽ ഷെയ്ഖ് സാലിം അൽനവാഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ ഗതാഗത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.