റിയാദ് ചില്ലയുടെ ജൂലൈ മാസത്തെ 'എന്റെ വായന' ശ്രദ്ധേയമായി

Mail This Article
റിയാദ് ∙ ഓർമകൾ, അനുഭവങ്ങൾ, ജീവിതയാത്രകൾ തുടങ്ങിയവ പങ്കുവച്ചുകൊണ്ട് ആത്മരേഖ എന്ന പേരിൽ സംഘടിപ്പിച്ച റിയാദ് ചില്ലയുടെ ജൂലൈ മാസത്തെ 'എന്റെ വായന' ശ്രദ്ധേയമായി മാറി. വ്യത്യസ്ഥ മേഖലയിൽ നിന്നുള്ള അഞ്ചുപേരുടെ ഓർമക്കുറിപ്പുകളാണ് അവതരിപ്പിക്കപ്പെട്ടത്. മനസിനെയും ഭാവനെയും തൊട്ടുണർത്തി ബാല്യകാല സ്മരണകൾ അനുവാചകരിൽ നിറച്ച അപൂർവ സാഹിത്യസമാഹാരമായ മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തകാലത്തിന്റെ’ വായനാനുഭവം പങ്കുവച്ചുകൊണ്ട് സീബ കൂവോട് വായനക്ക് തുടക്കം കുറിച്ചു.
കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തിന്റെ നായികയായിരുന്ന കെ. അജിതയുടെ ജീവിതരേഖയായ 'ഓർമക്കുറിപ്പുകൾ 'എന്ന കൃതി വിപിൻ കുമാർ അവതരിപ്പിച്ചു. ചലച്ചിത്രനടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ 'മാട്ട്' എന്ന കൃതിയുടെ വായന പ്രിയ വിനോദ് പങ്കുവച്ചു.

സ്വന്തം സ്മരണകളും കഥകളും കവിതയും അടങ്ങിയ കൃതിയിലെ ഗ്രാമ്യകഥകളും മിത്തും പ്രിയ സദസിനുമുന്നിൽ വിശദീകരിച്ചു. കവിയും അധ്യാപകനുമായ ഷാജു വി.വി. എഴുതിയ 'സാനിയമിർസ എന്ന പൂച്ചയുടെ ദുരൂഹ മരണം' എന്ന കൃതിയുടെ വായനുഭവമാണ് ഷെബി അബ്ദുൾ സലാം പങ്കുവച്ചത്. ലോകമാകെ ചർച്ച ചെയ്ത 'ഞാൻ നുജൂദ്. വയസ്സ് 10 വിവാഹമോചിത' എന്ന കൃതിയിലൂടെ നാമറിഞ്ഞ വേദന വി.കെ. ഷഹീബ പങ്കുവച്ചു. യമനിലെ ഗ്രാമത്തിൽ നിന്നും ശൈശവ വിവാഹത്തിന്റെ മുറിവുകൾ ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച നുജൂദ് എന്ന ബാലികയുടെ സമാനതകൾ ഇല്ലാത്ത പോരാട്ടത്തിന്റെ തീഷ്ണമായ അനുഭവങ്ങൾ ഷഹീബ വിവരിച്ചു. വായനക്ക് ശേഷം നടന്ന ചർച്ചയിൽ കെ.പി.എം. സാദിഖ്, സെബിൻ ഇക്ബാൽ, റസൂൽ സലാം, നിഖില സമീർ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.