വയനാടിന് സഹായവുമായി കേളി

Mail This Article
റിയാദ് ∙ ഉരുൾപൊട്ടൽ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നൽകുമെന്ന് കേളി സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ദുരിതാശ്വാസ പ്രവർത്തനത്തിന് നാട്ടിൽ അവധിയിലുള്ള എല്ലാ പ്രവർത്തകരോടും പങ്കാളികളാകാൻ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ആഹ്വാനം ചെയ്‌തു.
ദുരന്തത്തിന്റെ വ്യാപ്തിയും, മരണ സംഖ്യയും ഒന്നും വ്യക്തമായിട്ടില്ലെങ്കിലും അടിയന്തിര സഹായമായി ആദ്യ ഗഡുവായാണ് സഹായം നൽകുന്നത്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തെ സഹായിക്കുന്നതിന് ഓരോ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണം കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവർ മരണമടഞ്ഞ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു.