തൊഴിലാളികളുടെ അവകാശം സംരക്ഷണം: കുവൈത്തിൽ സ്ഥിരം സമിതി രൂപീകരിച്ചു

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥിരം സമിതി രൂപീകരിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറുമായ അസീൽ അൽ-മസീദാണ് ഈ സമിതിക്ക് നേതൃത്വം നൽകുന്നത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കുക, രാജ്യാന്തര അന്വേഷണങ്ങൾക്ക് പ്രതികരിക്കുക, ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അതോറിറ്റിയും പബ്ലിക് ബെനിഫിറ്റ് ഓർഗനൈസേഷനുകളും തമ്മിലുള്ള ആശയവിനിമയവും ഏകോപനവും ഉറപ്പാക്കുക എന്നതും സമിതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
മനുഷ്യക്കടത്തിനെതിരായ പെർമനന്‍റ് നാഷനൽ കമ്മിറ്റിയുമായി സഹകരിച്ച് മാൻപവർ അതോറിറ്റി ബോധവത്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുമെന്നും അൽ-മസീദ് വ്യക്തമാക്കി. ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് വർക്കേഴ്‌സ് തുടങ്ങിയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അസീൽ അൽ-മസീദ് അറിയിച്ചു.