2034 ലോകകപ്പ് ഫുട്ബോൾ: 11 പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കാൻ സൗദി

Mail This Article
ജിദ്ദ ∙ 2034 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, നിയോം എന്നീ അഞ്ച് പ്രധാന നഗരങ്ങളിലായി 15 ആധുനിക സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും. ഇതിൽ 11 എണ്ണം പൂർണ്ണമായും പുതുതായി നിർമിക്കുന്നവയാണ്.
സൗദിയുടെ തലസ്ഥാനമായ റിയാദിൽ 8 സ്റ്റേഡിയങ്ങൾ നിർമിക്കും. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 92,000-ത്തിലധികം പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. ഈ സ്റ്റേഡിയത്തിൽ ടൂർണമെന്‍റിന്‍റെ ഉദ്ഘാടനവും ഫൈനലും നടക്കും. കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയം നവീകരിക്കുന്നതിനൊപ്പം, 70,000-ലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും ഖിദ്ദിയയിൽ നിർമ്മിക്കും.

ജിദ്ദയിൽ നിർമിക്കുന്ന സ്റ്റേഡിയം പ്രാദേശിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപന ചെയ്തിരിക്കുന്നു. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിർമിക്കുന്ന മറ്റൊരു സ്റ്റേഡിയം ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപന ചെയ്തത്.

അൽ ഖോബാരിലെ അറാംകോ സ്റ്റേഡിയം അറേബ്യൻ ഗൾഫിന്‍റെ തീരത്ത് സ്ഥിതി ചെയ്യും. തിരമാലകളുടെ ആകൃതി അനുകരിക്കുന്ന ചലനാത്മക രൂപകൽപനയാണ് ഈ സ്റ്റേഡിയത്തിന്‍റെ പ്രത്യേകത. അബഹയിൽ കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിന്‍റെ ശേഷി 45,000-ലധികം കാണികളായി വർധിപ്പിക്കും. പർവതനിരകളാൽ ചുറ്റപ്പെട്ട അബഹയിൽ ഈ സ്റ്റേഡിയം ഒരു പ്രധാന ആകർഷണമായി മാറും.

"ദി ലൈൻ" എന്ന ഭാവി നഗരമായി രൂപകൽപ്പന ചെയ്യപ്പെട്ട നിയോമിൽ നിർമിക്കുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വ്യതിരിക്തമായ സ്റ്റേഡിയങ്ങളിൽ ഒന്നായിരിക്കും. 350 മീറ്ററിൽ അധികം ഉയരമുള്ള ഈ സ്റ്റേഡിയം കാറ്റിനെയും സൗരോർജ്ജത്തെയും ആശ്രയിച്ച് പ്രവർത്തിക്കും.


ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലും സപ്പോർട്ടിങ് നഗരങ്ങളിലുമായി 2,30,000 ലേറെ ഹോട്ടൽ മുറികൾ ഫുട്ബോൾ ആരാധകർക്ക് ലഭ്യമാക്കും. മത്സരത്തിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും 15 നഗരങ്ങളിൽ 72 സ്റ്റേഡിയങ്ങൾ ഉൾപ്പെടെ 132 പരിശീലന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
2034 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സൗദിയുടെ ആധുനികതയുടെയും വികസനത്തിന്‍റെയും പ്രതീകമായിരിക്കും. പുതിയ സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നതിലൂടെ സൗദി ഫുട്ബോളിന്‍റെ ലോക മാപ്പിൽ ശ്രദ്ധേയമായ ഒരു സ്ഥാനം നേടാൻ ലക്ഷ്യമിടുന്നു