യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ്

Mail This Article
അബുദാബി/ ടെഹ്‌റാൻ ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി പുതുതായി അധികാരമേറ്റ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തി. ഇറാൻ പാർലമെന്‍റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കവേ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അഭിനന്ദനങ്ങൾ ഷെയ്ഖ് അബ്ദുല്ല പെസെഷ്കിയാനെ അറിയിച്ചു.
ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു. യുഎഇയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ആശംസകൾ ഇറാൻ പ്രസിഡൻ്റും കൈമാറി. യുഎഇയും ഇറാനും തമ്മിൽ ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ തങ്ങളുടെ രാജ്യങ്ങളുടെ താൽപര്യങ്ങൾ സേവിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും സുരക്ഷിതത്വവും സുസ്ഥിരതയും നിലനിർത്തുന്നതിനും വേണ്ടി ഇറാനുമായുള്ള ബന്ധം വർധിപ്പിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത ഉന്നത നയതന്ത്രജ്ഞൻ ഊന്നിപ്പറഞ്ഞു.
യുഎഇയുമായും ഇറാനുമായും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് കൂടിക്കാഴ്ച. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, സഹമന്ത്രി ഖലീഫ ഷഹീൻ അൽ മാരാർ, ഇറാനിലെ യുഎഇ സ്ഥാനപതി തുടങ്ങി ഒട്ടേറെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
∙പ്രാദേശിക സർഘർഷങ്ങൾ വർധിച്ചതിൽ ആശങ്ക
പ്രാദേശിക സംഘർഷങ്ങൾ വർധിച്ചുവരുന്നതിലും സുരക്ഷയിലും സ്ഥിരതയിലും അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യുഎഇ ആശങ്ക പ്രകടിപ്പിച്ചു. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും കൂടുതൽ സംഘർഷങ്ങൾ തടയുന്നതിനും ആത്മ നിയന്ത്രണത്തിന് ഏറെ പ്രാധാന്യമുണ്ട്. തർക്കങ്ങൾ നയതന്ത്രപരമായി പരിഹരിക്കുന്നതിന് ഏറ്റുമുട്ടലിലേയ്ക്കും സംഘർഷത്തിലേയ്ക്കും നീങ്ങുന്നതിനുപകരം സംഭാഷണങ്ങൾ മെച്ചപ്പെടുത്തുന്നതിലും രാജ്യാന്തര നിയമങ്ങൾ പാലിക്കുന്നതിലും രാജ്യത്തിന്‍റെ പരമാധികാരത്തെ മാനിക്കുന്നതിലും യുഎഇ വിശ്വസിക്കുന്നു.