ADVERTISEMENT

മസ്‌കത്ത് ∙ കേരള പ്രദേശ് കോൺഗ്രസ് (കെപിസിസി) കമ്മിറ്റിയുടെ ഔദ്യോഗിക പുസ്തക പ്രസിദ്ധീകരണ, സാഹിത്യ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രവർത്തനം ഗൾഫ് മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജിസിസി രാജ്യങ്ങളിൽ കോർഡിനേറ്റർമാരെ നിയോഗിച്ചതായി പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു അറിയിച്ചു. ഒമാനിലെ കോർഡിനേറ്റർ ആയി സജി ചങ്ങനാശ്ശേരിയെ നിയമിച്ചു.

പ്രവാസലോകത്തുള്ളവരുടെ സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് കെപിസിസി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. കലാ-സാഹിത്യ രംഗത്ത് മികവും കഴിവുകളുമുള്ള നിരവധിയാളുകൾ പ്രവാസലോകത്തുണ്ട്. 

എഴുത്തും വായനയും ഇഷ്ടപ്പെടുന്ന നിരവധിയായ പ്രവാസികൾക്കും അവരുടെ മക്കൾ അടങ്ങുന്ന പുതിയ തലമുറയ്ക്കും പ്രവാസലോകത്തായതിന്റെ പേരിൽ മാത്രം അവസരം നിഷേധിക്കപ്പെടരുത് എന്ന വിശാല ലക്ഷ്യമാണ് കെപിസിസിയുടെ ഈ ഉദ്യമത്തിന് പിന്നിൽ.

ഡിജിറ്റൽ യുഗത്തിൽ പുസ്തകവായനയ്ക്കും എഴുത്തിനുമുള്ള അവസരങ്ങൾ കുറഞ്ഞുവരുന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. യുവതലമുറയിൽ കാണപ്പെടുന്ന അരക്ഷിതാവസ്ഥയ്ക്കും മാനസിക സംഘർഷത്തിനും പ്രധാനകാരണം നമ്മുടെ മഹാരഥന്മാരായ സ്വാതന്ത്ര്യസമര നേതാക്കളും സാഹിത്യലോകം അടക്കിഭരിച്ച ഭാരതീയ സാഹിത്യകുലപതികളും തെളിച്ച മുഖ്യധാരയിൽ നിന്നും നമ്മുടെ യുവത്വം വഴി മാറി സഞ്ചരിച്ചതുകൊണ്ടാണെന്നും അവരെ സമൂഹത്തിനും നവ രാഷ്ട്രനിർമാണത്തിനും ഉതകുന്നവരായി പുനഃസൃക്ഷ്ടിക്കുകയുമാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് ഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഒമാൻ കോർഡിനേറ്ററായി നിയമിക്കപ്പെട്ട സജി ചങ്ങനാശ്ശേരി വ്യക്തമാക്കി.

പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്കും എഴുത്തുകാരുടെ കൃതികൾക്കും പ്രവാസലോകത്ത് പ്രചാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകമേളകളും സാഹിത്യസദസുകളും സംഘടിപ്പിക്കും. 

പ്രവാസികൾക്കിടയിലെ സാഹിത്യകാരെയും എഴുത്തുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും കുട്ടികളിലും മുതിർന്നവരിലും സാഹിത്യ, വായന അഭിരുചികൾ വളർത്തിയെടുക്കുകയും വഴി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനുള്ള കെപിസിസിയുടെ ഈ പുതിയ കാൽവെപ്പിനും ഒമാൻ കോർഡിനേറ്ററായി തിരെഞ്ഞെടുക്കപ്പെട്ട ഇൻകാസ് ഒമാൻ ദേശീയ ട്രഷറർ കൂടിയായ സജി ചങ്ങനാശ്ശേരിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതായി ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com