പാഠപുസ്തകം വിതരണം പൂർത്തിയായില്ല; മസ്‌കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾ ദുരിതത്തിൽ, പരാതി
Mail This Article
മസ്‌കത്ത് ∙ വിവിധ വിഷയങ്ങൾ ഉന്നയിച്ച് വീണ്ടും ഇന്ത്യൻ സ്‌കൂൾ ബോർഡിന് മുന്നിൽ രക്ഷിതാക്കൾ. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ (ഐ എസ് എം) മാനേജ്‌മെന്റ് തലത്തിലെ വീഴ്ചകൾ, അധ്യാപക തസ്തികയിലെ ഒഴിവുകൾ നികത്താതിരിക്കൽ, പാഠപുസ്തകങ്ങൾ വിതരണം പൂർത്തിയാക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് രക്ഷിതാക്കളുടെ പ്രതിനിധികളായി ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡിലെ എജ്യുക്കേഷൻ അഡൈ്വസര്‍ക്ക് നിവേദനം സമർപ്പിച്ചത്. രക്ഷിതാക്കൾ ആയ സൈമൺ ഫീലിപ്പോസ്, ജയാനന്ദൻ, സിജു തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൺവീനർ എന്നീ ഭരണ നിർവഹണ സ്ഥാനങ്ങൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ആയതുകൊണ്ട് തന്നെ സ്‌കൂളിലെ പല പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളും വൈകുകയാണ്. രക്ഷിതാക്കളിൽ നിന്നും എത്രയും പെട്ടെന്ന് അഭിമുഖം നടത്തി പ്രസ്തുത ഒഴിവുകളിൽ നിയമനം പൂർത്തിയാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അവധിക്ക് ശേഷം സ്‌കൂൾ തുറന്നിട്ടും പല ക്ലാസുകളിലെയും കുട്ടികൾക്ക് പുസ്തകങ്ങൾ ലഭിക്കാത്തതിന് ഉടൻ പരിഹാരം കണ്ടെത്തണം എന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
സ്‌കൂളിലെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ട കമ്മിറ്റികളുടെ സുപ്രധാന സ്ഥാനങ്ങൾ കഴിഞ്ഞ ആറ് മാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് സ്‌കൂളിന്റെ അനുദിന പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സെപ്തംബർ രണ്ടാം വാരത്തിൽ ഈ വർഷത്തെ ടേം പരീക്ഷ ആരംഭിക്കും.
പുസ്തക വിതരണം വൈകുന്നതിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചു നിവേദനത്തിൽ രക്ഷിതാക്കൾ വ്യക്തമാക്കി. കൂടാതെ സ്‌കൂൾ തുറന്ന സമയം മുതൽ ആയിരക്കണക്കിന് റിയാൽ ചെലവഴിച്ച് ലഭ്യമാകാത്ത പുസ്തകങ്ങളുടെ പേജുകൾ ഫോട്ടോ കോപ്പി എടുത്താണ് കുട്ടികൾ ഉപയോഗിക്കുന്നത്. ആയതുകൊണ്ട് സ്‌കൂളിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്നും സ്‌കൂൾ ബോർഡ് ചെയർമാനുള്ള നിവേദനത്തിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.