ദുബായിൽ ട്രക്ക് ഡ്രൈവർമാർക്കായി 10 വിശ്രമകേന്ദ്രങ്ങൾ സജ്ജം
Mail This Article
ദുബായ് ∙ വലിയ ട്രക്കുകളുടെ ഡ്രൈവർമാർക്ക് ജോലിക്കിടെ വിശ്രമിക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കി ആർടിഎ. 10 വിശ്രമ കേന്ദ്രങ്ങളാണ് തയാറാക്കിയത്. 6 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. അബുദാബി നാഷനൽ ഓയിൽ കമ്പനിയുമായി (അഡനോക്) സഹകരിച്ചാണ് വിശ്രമ കേന്ദ്രങ്ങൾ ആർടിഎ യാഥാർഥ്യമാക്കിയത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് – ഹത്ത റോഡ്, ദുബായ് – അൽഐൻ റോഡ്, ജബൽ അലി – ലെബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് വിശ്രമം കേന്ദ്രങ്ങൾ. ഏറ്റവും കൂടുതൽ ട്രക്ക് ട്രാഫിക് ഉള്ള റോഡുകളാണിവ. 10 വിശ്രമ കേന്ദ്രങ്ങളുടെ ആകെ വിസ്തീർണം 75000 ചതുരശ്ര മീറ്ററാണ്. ഏകദേശം 5000 ട്രക്കുകൾ കൈകാര്യം ചെയ്യാനുള്ള സ്ഥലം ഇവിടെയുണ്ട്. ഓരോ വിശ്രമ കേന്ദ്രത്തിനും 5000 – 10000 ചതുരശ്ര മീറ്ററാണ് വലുപ്പം. 30 – 45 ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യാൻ കഴിയും. വിശ്രമ കേന്ദ്രങ്ങളിൽ ഡീസൽ സ്റ്റേഷൻ, ഡ്രൈവർമാർക്കുള്ള വിശ്രമ മുറി, പ്രാർഥന മുറി, ഭക്ഷണം കഴിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഡ്രൈവർമാർക്ക് കൃത്യമായ വിശ്രമം നൽകുക വഴി റോഡ് കൂടുതൽ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ട്രക്കുകളുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്നങ്ങൾ 50 ശതമാനം വരെ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗതാഗത തിരക്കുള്ള സമയം ട്രക്കുകൾ നിരത്തിലിറക്കുന്നതിന് നിരോധനമുണ്ട്. ഇത്തരം സമയങ്ങളിൽ വിശ്രമ കേന്ദ്രങ്ങളിൽ ട്രക്കുകൾ പാർക്ക് ചെയ്യാനും ഡ്രൈവർമാർക്ക് ക്ഷീണമകറ്റാനും സാധിക്കും. നിരോധനമുള്ള സമയങ്ങളിൽ റോഡരികിലും പാർപ്പിട മേഖലകളിലും വലിയ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഗതാഗത പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.
ദിവസവും 3 ലക്ഷം ട്രക്ക്
ദുബായിയിലെ വിവിധ റോഡുകളിൽ ദിവസം ശരാശരി 3 ലക്ഷം ട്രക്ക് സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രധാന റോഡുകളിലെ ഗതാഗതം തടസ്സപ്പെടുത്താതെയും പാർപ്പിട മേഖലകൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും ട്രക്കുകളുടെ സുഗമ സഞ്ചാരവും വിശ്രമവും ഉറപ്പുവരുത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിശ്രമ കേന്ദ്രങ്ങളിലേക്കു കയറുന്നതിനും ഇറങ്ങുന്നതിനും വീതിയുള്ള റോഡുകൾ ഒരുക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ സൗകര്യ സ്ഥാപനങ്ങളുമായുള്ള സഹകരണം മെച്ചപ്പെട്ട ഫലമുണ്ടാക്കുന്നതായും അൽ തായർ പറഞ്ഞു. വികസന പദ്ധതികളിൽ കൂടുതലായി പങ്കെടുക്കാൻ നിക്ഷേപകർക്ക് അവസരം ഒരുക്കുന്നതിനൊപ്പം ബിസിനസ് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും കഴിയും. ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ബിഒടി) കരാറിലാണ് വിശ്രമകേന്ദ്രം പൂർത്തിയാക്കിയത്.
ചരക്ക് നീക്കത്തിനു മാത്രമായി പ്രത്യേക പാത പരിഗണനയിൽ
∙ കരമാർഗമുള്ള ചരക്ക് നീക്കത്തിനു ഭാവിയിൽ കൂടുതൽ സാധ്യതയുണ്ടെന്ന് ആർടിഎ. ചരക്ക് നീക്കത്തിനു മാത്രമായി പ്രത്യേക പാതകളും ആർടിഎ ആലോചിക്കുന്നു. ഭാവിയിൽ കൂടുതൽ ഡ്രൈ പോർട്ടുകൾ, സാധന ശേഖര കേന്ദ്രങ്ങൾ, വിതരണ കേന്ദ്രങ്ങൾ എന്നിവ കൂടുതലായി വേണ്ടി വരും. തിരക്ക് കൂടിയ സമയങ്ങളിൽ ട്രക്കുകൾ നിരത്തിലിറക്കുന്നതിന് നിരോധനമുണ്ട്. നിരോധന സമയം, നിരോധിത റൂട്ടുകൾ എന്നിവ സംബന്ധിച്ചു നടത്തിയ വിശദ പഠനത്തിലാണ് ട്രക്കുകൾക്കു മാത്രമായി പ്രത്യേക പാത വേണമെന്ന നിർദേശം ഉയർന്നത്.