ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരിശോധനയുമായി പൊതുജനാരോഗ്യ മന്ത്രാലയം
Mail This Article
ദോഹ ∙ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും പ്രാദേശികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം ഈ വർഷം ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ 60,520 ഷിപ്പ്‌മെന്റുകൾ സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധന നടത്തി.
ഇക്കാലയളവിൽ 116 കോടി കിലോ ഭക്ഷ്യവസ്തുക്കളാണ് രാജ്യത്തെത്തിയത്. ഇതിൽ 985,676 കിലോഗ്രാം ഭക്ഷ്യ വസ്തുക്കൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നശിപ്പിച്ചതായും 211 ഷിപ്പ്‌മെന്റുകൾ കയറ്റുമതി ചെയ്ത രാജ്യത്തേക്ക് തന്നെ തിരിച്ചയച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം രാജ്യത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായും നിരവധി പരിശോധനകൾ നടത്തി.
കഴിഞ്ഞ ആറ് മാസത്തിനിടെ 3221 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. തുറമുഖങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ 7022 സാമ്പിളുകൾ പരിശോധനക്കയച്ചു. സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൽ പ്രാദേശിക ഭക്ഷ്യ വിപണികളിൽ നിന്നായി 10064 സാമ്പിളുകളും മന്ത്രാലയം പരിശോധിച്ചു. ആറ് മാസത്തിനിടെ കയറ്റുമതി, പുനർ കയറ്റുമതി വിഭാഗത്തിലായി 155 സർട്ടിഫിക്കറ്റുകളും, 104 ഭക്ഷ്യ നശീകരണ സർട്ടിഫിക്കറ്റുകളും 48 ഫുഡ് റീ ഇൻസ്‌പെക്ഷൻ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഹോട്ടലുകളിലും മറ്റും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കായി 1734 സർട്ടിഫിക്കറ്റുകളും, ഫുഡ് ഹാൻഡ്‌ലർ വിഭാഗത്തിലായി 766 പെർമിറ്റുകളും മന്ത്രാലയം അനുവദിച്ചു.