റിയാദിലെ ട്രാഫിക് സുരക്ഷാ വിഭാഗം രാത്രികളിലെ രഹസ്യ നിരീക്ഷണം ശക്തമാക്കി
Mail This Article
റിയാദ് ∙ രാത്രികളിൽ തോന്നിയ പോലെ ഇടംവലം നോക്കാതെ അപകടകരമാവും വിധം റോഡിലൂടെ അടിച്ചു മിന്നി പായുന്ന ട്രക്കുകൾക്കും വാഹനങ്ങൾക്കുമെതിരെ റിയാദിലെ ട്രാഫിക് സുരക്ഷാ വിഭാഗം രാത്രികളിലെ രഹസ്യ നിരീക്ഷണം ശക്തമാക്കി. റോഡുകളിൽ അപകടം വരുത്തി വെക്കും വിധം പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ സുരക്ഷ മുൻകരുതലെന്ന നിലയ്ക്ക് പിടികൂടുന്നത് ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക രഹസ്യ നിരീക്ഷണ സംഘമാണ്.
ഇതിനോടകം ഒട്ടനവധി നിയമലംഘനങ്ങളാണ് സംഘത്തിന്റെ കർശന നീരീക്ഷണവലയിൽ പിടികൂടപ്പെട്ടത്. റോഡുകളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട പൊതു മര്യാദകളും നിയന്ത്രണങ്ങളും ബാധകമല്ലെന്ന തരത്തിൽ മറ്റുള്ള വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടക്കുന്ന ട്രക്കുകളുൾപ്പെടയുള്ള വാഹനങ്ങളടക്കമുള്ളവയക്ക് നീരീക്ഷണസംഘത്തിന്റെ പിടി വീണു. റോഡുകളിൽ നിഷ്കർശിച്ചിട്ടുള്ള വശങ്ങൾക്കു പകരം മറ്റ് ട്രാക്കിലൂടെ മറികടന്ന ഓടിയിരുന്ന ട്രക്കുകളും ട്രെയിലറുകളുമടക്കമുള്ളയ്ക്കും, നിർദ്ദിഷ്ട പാതയിലൂടെ വാഹനമോടിക്കാത്ത ഡ്രൈവർമാർക്കും, മുൻവശത്തെ നമ്പർ പ്ലേറ്റ് കാണാത്ത വാഹനങ്ങളും, അധികമായി ലോഡ് കയറ്റിയവയും, സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാത്ത വാഹനങ്ങളും നിരീക്ഷണ സംഘം പിടികൂടി.
എല്ലാ നഗരങ്ങളിലും ഗവർണ്ണറേറ്റുകളിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ, ട്രക്കുകൾ, മോട്ടോർസൈക്കിളുകൾ എന്നിവ ഓടിക്കുന്നവരെ നിരീക്ഷിക്കുകയും ലംഘനം കണ്ടെത്തുന്ന പക്ഷം അറസ്റ്റും തുടർനടപടികളും സ്വീകരിക്കും. രാജ്യത്തെമ്പാടുമുള്ള റോഡുകളിലെ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനും ആളുകളുടെ സുരക്ഷയ്ക്കുമായാണ് ഈ നീരീക്ഷണവും പരിശോധനയും നടപടികളും കർശനമാക്കിയിരിക്കുന്നത്.