'ദ് ലൈൻ' ലോകത്തിലെ ആദ്യത്തെ ഇക്കോ സിറ്റി; നിർമാണം നിയോം നഗരത്തിൽ, ചെലവ് അരലക്ഷം കോടി ഡോളർ
Mail This Article
റിയാദ് ∙ സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ നിർമിക്കുന്ന 'ദ് ലൈൻ' ലോകത്തിലെ ആദ്യത്തെ ഇക്കോ സിറ്റി ആയിരിക്കും. 656 അടി അകലത്തിൽ 1,640 അടി ഉയരമുള്ള രണ്ട് ഭീമാകാരമായ അംബരചുംബികൾക്കിടയിലാണ് ഭാവി നഗരം നിർമിക്കുന്നത്. ലൈനിൽ റോഡുകളോ കാറുകളോ കാർബൺ പുറന്തള്ളലുകളോ ഉണ്ടാകില്ല എന്നതാണ് ആരെയും അതിശയിപ്പിക്കുന്നത്. ദി ലൈനിനായുള്ള സൗദി അറേബ്യയുടെ പദ്ധതികൾ ആർക്കിടെക്റ്റുകളെയും ഡിസൈനർമാരെയും അമ്പരപ്പിച്ചുവെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിൽ നിർമാണം തുടരുന്ന നിയോം നഗരത്തിനുള്ളിലാണ് 'ദ് ലൈൻ'.
ദി ലൈൻ നഗരത്തിന്റെ നിർമാണചെലവ് അരലക്ഷം കോടി ഡോളറാണ്. 20 മിനുട്ട് കൊണ്ട് നഗരം മുഴുവൻ ഓടിയെത്താൻ ബുള്ളറ്റ് ട്രെയിനുകളുണ്ടാകും. ലോക ശ്രദ്ധ സൗദിയിലേക്ക് കേന്ദ്രീകരിക്കും വിധം ഒരുങ്ങുന്ന നഗരത്തിന് സമാനമായത് ഇന്ന് ആഗോളതലത്തിൽ വേറെയില്ല. 2024-ൽ ആദ്യ ഘട്ടം പൂർത്തിയാക്കും. 2030 ഓടെ പൂർണമായും ഒരുങ്ങുന്ന നഗരത്തിൽ സ്കൂൾ, ഷോപ്പിങ് മാൾ, ആശുപത്രികൾ തുടങ്ങി 90 ലക്ഷം ആളുകളെ ഉൾക്കൊള്ളാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും.
ദ് ലൈന്‍ മെട്രോ നഗരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും നേതാവ്. എഐ-കേന്ദ്രീകൃത ഗതാഗത സിസ്റ്റം പ്രവര്‍ത്തിക്കുന്നത് പരിപൂര്‍ണമായും വന്‍ തോതില്‍ ഡേറ്റ ശേഖരിച്ചായിരിക്കും. നിലവില്‍ ലോകമെമ്പാടുമുള്ള സ്മാര്‍ട് നഗരങ്ങള്‍ ഏകദേശം ഒരു ശതമാനം ഡേറ്റയാണ് ശേഖരിക്കുന്നത്. എന്നാല്‍ ദ് ലൈനില്‍ ലഭ്യമായ 90 ശതമാനം ഡേറ്റയും ശേഖരിക്കുകയും, അതുവഴി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. സമ്പദ്‌വ്യവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരിക എന്ന ഉദ്ദേശമായിരുന്നു വിഷന്‍ 2030യില്‍ ഉണ്ടായിരുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്നു മാറാനുള്ള ശ്രമമാണ് കാണാനാകുക.