ബഹ്‌റൈനിൽ ആറ് മാസത്തിനുള്ളിൽ ഫയൽ ചെയ്ത് 240-ലധികം തൊഴിൽ കേസുകൾ
Mail This Article
മനാമ∙ ബഹ്‌റൈനിൽ ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ 240-ലധികം തൊഴിൽ കേസുകളാണ് ഫയൽ ചെയ്തതെന്നാണ് ബഹ്‌റൈൻ ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്‍റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്ന ഈ റിപ്പോർട്ട് അനുസരിച്ച്, പിരിച്ചുവിടൽ, ശമ്പളം ലഭിക്കാത്തത് തുടങ്ങിയ നിരവധി കാരണങ്ങളാൽ തൊഴിലാളികൾ കോടതിയെ സമീപിക്കുന്നു.
റിപ്പോർട്ട് പ്രകാരം, ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത്. ഭൂരിഭാഗം കേസുകളും വാണിജ്യ മേഖലയിലെ തൊഴിലാളികളിൽ നിന്നാണ്. കമ്പനിയുടെ പുനഃക്രമീകരണം, ജോലിസ്ഥലം അടച്ചുപൂട്ടൽ തുടങ്ങിയ കാരണങ്ങളാൽ നിരവധി പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട് പറയുന്നു.
താത്കാലിക തൊഴിൽ കരാറുകളുടെ വ്യാപനം കാരണം പ്രാദേശിക തൊഴിലാളികൾക്കിടയിൽ പൊതുവെ അവിശ്വാസമുണ്ടെന്നും മുൻ എംപി സൽമാൻ സേലം പറഞ്ഞു. താത്കാലിക കരാറുകളിലെ ജീവനക്കാരുടെ മാനസികവും ധാർമ്മികവും പ്രഫഷനലും സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായ അവസ്ഥകൾ കുറച്ചുകാണാൻ കഴിയില്ല എന്നും അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു.
അതേസമയം, ബഹ്‌റൈൻ സർക്കാർ ദേശീയ തൊഴിൽ പദ്ധതിയുടെ ഭാഗമായി തദ്ദേശീയർക്ക് തൊഴിൽ നൽകുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ തൊഴിൽ വിപണിയിലെ അസ്ഥിരതയും തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായി തുടരുന്നു.