റിയാദിൽ പരുന്ത് ലേലം: ലോകമെമ്പാടുനിന്നും പരുന്ത് പ്രേമികൾ പങ്കെടുക്കും
Mail This Article
റിയാദ്∙ സൗദി ഫാൽക്കൺ ക്ലബ് ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര പരുന്ത് ലേലത്തിന് ഇന്ന് റിയാദിൽ തുടക്കമായി. ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള 35ലധികം പ്രശസ്ത പരുന്ത് ഫാമുകൾ വ്യത്യസ്ത ഇനങ്ങളിലും തരങ്ങളിലുമുള്ള പരുന്തുകളുമായി ഈ മേളയിൽ പങ്കെടുക്കുന്നു. റിയാദിന് വടക്ക് മൽഹാമിലുള്ള സൗദി ഫാൽക്കൺ ക്ലബ് ആസ്ഥാനത്താണ് ഈ മാസം 25 വരെ നടക്കുന്ന മേളയുടെ നഗരി ക്രമീകരിച്ചിരിക്കുന്നത് .
ഏറ്റവും വിലപിടിപ്പുള്ള പ്രശസ്തമായ മുന്തിയ ഇനത്തിലുള്ള പലതരം പരുന്തുകൾക്കായി വാശിയോടെയുള്ള ലേലമാണ് ഇനിയുള്ള ദിവസങ്ങളിൽ ഇവിടെ അരങ്ങേറുക. ലോകമെങ്ങും നിന്നുമുള്ള ഫാൽക്കൺ പക്ഷി സ്നേഹികളും പരുന്ത് പറത്തത്തിന് കമ്പമുള്ളവരും, ശാസ്ത്രീയമായി പരുന്ത് വളർത്തുന്നവരും വാങ്ങുവാനും വിൽക്കുവാനും പ്രദർശിപ്പിക്കാനുമായി ധാരളം പക്ഷി പ്രേമികളും മൃഗസ്നേഹികളുമൊക്കെ ഇവിടേക്ക് ഒഴുകും.
റിയാദ് മൻഹാൽ പരുന്ത് മേള ലോകത്തിലെ ഏറ്റവും വലിയ പ്രദർശന ലേലം എന്ന നിലയിൽ പേരും പെരുമയും നേടിയിട്ടുണ്ട്. യുകെ, ചെക്ക് റിപ്പബ്ലിക്, ജർമനി, അമേരിക്ക, കാനഡ, സ്പെയിൻ, സ്ലോവേനിയ, നെതർലാൻഡ്സ്, ഓസ്ട്രിയ ഒപ്പം ജിസിസി, അറബ് രാജ്യങ്ങളിൽ നിന്നുള്ള ഫാമുകളും പരുന്ത് വളർത്തൽ കമ്പക്കാരും ലേലത്തിനെത്തിക്കഴിഞ്ഞു. സ്റ്റൈറിയൻ, എയ്ല, സ്കൈ റൈഡേഴ്സ്, സ്പെഷ്യൽ ഫാൽക്കൺസ്, വൽഹല്ലാ ഫാൽക്കൺസ്, റഹ് ഫാൽക്കൺസ്, കാനഡ ഫാൽക്കൺസ് ഫാം, സോസിറോ ഫാം, നെദനോവ്സ്കി ഫാൽക്കൺ സെന്‍റർ, സെംഫാൽക്കൺസ് എന്നീങ്ങനെയുള്ള നിരവധി പ്രമുഖ പരുന്ത് വളർത്തൽ രംഗത്തെ ഫാമുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
സന്ദർശകർക്കും പങ്കെടുക്കുന്നവർക്കുമായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 18 ദശലക്ഷം റിയാലിലധികം വിൽപന നേടിയ ലേലത്തിൽ, പുതിയ ആഗോള ഉൽപാദന ഫാമുകളുടെ പങ്കാളിത്തത്തിനും വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാക്ഷ്യം വഹിക്കും.
സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവോടുകൂടി കിരീടാവകാശി മുഹമ്മദ് ബിൻസൽമാൻ രാജകുമാരന്‍റെ മേൽനോട്ടത്തിൽ 2017 ലാണ് സൗദി ഫാൽക്കൺ ക്ലബ് പ്രവർത്തനമാരംഭിക്കുന്നത്. സൗദിയിലെ പരുന്ത് മേളയുടെ തുടക്കം ഓഗസ്റ്റിൽ സംഘടിപ്പിക്കുന്ന സൗദി ഫാൽക്കൺ ക്ലബ് രാജ്യാന്തര ലേല മേളയോടെയാണ്. തുടർന്ന് ഒക്ടോബറിൽ രാജ്യാന്തര ഫാൽക്കൺ പ്രദർശന മേളയും നടക്കും.
2024-2025 സീസണിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ക്ലബ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ഇന്‍റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ, കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ, അൽ ഉല ഫാൽക്കൺ കപ്പ്, മാൽവ റേസ് എന്നിവയ്ക്ക് പുറമെ ഹഫർ അൽബാത്ൻ ഗവർണറേറ്റിൽ ആദ്യമായി നടക്കുന്ന ഫാൽക്കൺസ് ക്ലബ് കപ്പ് 2024 എന്നിവയും ഉൾപ്പെടുന്നു.