വിമാനയാത്ര നിയമലംഘനങ്ങൾക്ക് 45 ലക്ഷം റിയാൽ പിഴ ചുമത്തി ജിഎസിഎ
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വിവിധ വിമാനയാത്ര നിയമലംഘനങ്ങൾക്ക് 45 ലക്ഷം റിയാൽ പിഴ ചുമത്തി. വിമാന കമ്പനികളും യാത്രക്കാരും സൗദി സിവിൽ ഏവിയേഷൻ നിയമവും അതോറിറ്റിയുടെ നിർദ്ദേശങ്ങളും ലംഘിച്ചതായാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രധാനമായും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമലംഘനങ്ങൾ, വിമാന കമ്പനികളുടെ അനധികൃത ഡ്രോൺ ഉപയോഗം, വിമാനത്തിനുള്ളിലെ മോശം പെരുമാറ്റം എന്നിവയാണ് കണ്ടെത്തിയത്.
ഈ മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും ഭാഗത്ത് 111 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 45,83,900 റിയാലാണ് പിഴ ചുമത്തിയത്. യാത്രക്കാരുടെ അവകാശസംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 92 നിയമലംഘനങ്ങള്‍ വിമാനകമ്പനികളുടെ ഭാഗത്ത് കണ്ടെത്തി.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് അഞ്ചു വിമാനകമ്പനികള്‍ക്ക് 1,40,000 റിയാലും പിഴ ചുമത്തി. അതോറിറ്റി നിര്‍ദേശങ്ങളും സിവില്‍ ഏവിയേഷന്‍ വ്യവസ്ഥകളും പാലിക്കാത്തതിന് രണ്ടു കമ്പനികള്‍ക്ക് ആകെ 30,000 റിയാല്‍ പിഴ ചുമത്തി.
സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ ഉപയോഗിച്ചതിന് രണ്ടു വ്യക്തികള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തി. വിമാനങ്ങള്‍ക്കകത്ത് വ്യോമസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും മോശം പെരുമാറ്റത്തിനും 10 യാത്രക്കാര്‍ക്ക് 3,900 റിയാലും പിഴ ചുമത്തി.