സ്ത്രീകളുടെ ഉന്നമനത്തിന് പുതിയ പഠനശാഖ തുടങ്ങാൻ ഷാർജ
Mail This Article
ഷാർജ ∙ സ്ത്രീകളുടെ ഉന്നമനവും നേതൃത്വ ശേഷി വികസനവും മുഖ്യവിഷയമാക്കി പുതിയ പഠന ശാഖയ്ക്കു തുടക്കമിടാൻ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയും നമ – വിമൻ അഡ്വാൻസ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ധാരണയായി. ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽഖാസിമി ചെയർ ഇൻ വിമൻസ് ലീഡർഷിപ് എന്നതായിരിക്കും പഠന പരിപാടിയുടെ പേര്. ഇതിനായി 1.5 കോടി ദിർഹത്തിന്റെ ഗ്രാന്റും ‘നമ’ പ്രഖ്യാപിച്ചു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭാര്യ ഷെയ്ഖ ജവഹർ വനിതകളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു നൽകിയ നിർണായക സംഭാവനകളോടുള്ള ആദര സൂചകമായാണ് വിവിധ പഠന വിഷയങ്ങൾ ഉൾപ്പെടുന്ന ചെയറിന് ഷെയ്ഖയുടെ പേരു നൽകിയത്. സമൂഹത്തിന്റെ വികസനത്തിനു തുല്യ സംഭാവന നൽകാൻ ശേഷിയുള്ളവരായി വനിതകളെ രൂപപ്പെടുത്തുകയാണ് ‘നമ’യുടെ ലക്ഷ്യം.
അറിവു നേടാനും മറ്റു സേവനങ്ങളും വിഭവങ്ങളും പ്രയോജനപ്പെടുത്താനും അതുവഴി സ്വയം മികവിന്റെ വഴിയിലൂടെ മുന്നേറാനും സ്ത്രീകളെ പ്രാപ്തരാക്കും. സമൂഹത്തിന്റെ അമൂല്യ സമ്പത്താണ് സ്ത്രീകൾ. സ്ത്രീവിദ്യാഭ്യാസ വികസനത്തിൽ നിർണായക ചുവടുവയ്പ്പാണ് അമേരിക്കൻ സർവകലാശാലയുമായുള്ള ധാരണയെന്നും ഷെയ്ഖ ജവഹർ പറഞ്ഞു.