'ഒഴിഞ്ഞു കിടക്കുന്ന വീടുകൾ വയനാട്ടിലെ കുടുംബങ്ങൾക്ക് നൽകാം'; ഭവനരഹിതർക്ക് സഹായവുമായി പ്രവാസി സമൂഹം

Mail This Article
ദുബായ് ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സഹായവുമായി പ്രവാസി സമൂഹം. മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനായാണ് 'സപ്പോർട്ട് വയനാട്' എന്ന പുതിയ പദ്ധതിയുമായ് പ്രവാസി കൂട്ടായ്മ എത്തുന്നത്. SupportWayanad.com എന്ന പുതിയതും സുതാര്യവുമായ വെബ്സൈറ്റു വഴി ബാധിത കുടുംബങ്ങൾക്ക് താൽക്കാലികമായ താമസ സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ദുരന്ത ബാധിതർക്ക് നൽകാൻ താൽപര്യമുള്ളവർക്കായാണ് പ്രവാസി സുഹൃത്തുക്കളുടെ പദ്ധതി. കേരള സർക്കാരിന്റെ പിന്തുണയും പദ്ധതിക്കുണ്ട്. മുനീർ, അമൽ, ഫൈസൽ, ദീപു, എന്നീ നാല് പേർ ചേർന്നാണ് വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്‌ത ഭവന സൗകര്യം ഒരുക്കുന്നതുവരെ പൂട്ടിക്കിടക്കുന്ന വീടുകൾ അതിജീവിച്ചവർക്കായി തുറന്ന് കൊടുക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിലോ കേരളത്തിനു പുറത്തോ താമസിക്കുന്നവരുടെ ഒഴിഞ്ഞ വീടുകളോ ഭാഗികമായി ഉപയോഗിക്കുന്ന വീടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ക്വാർട്ടറുകൾ എന്നിവ ബാധിതർക്കായ് താൽക്കാലിക താമസത്തിന് വിട്ടുകൊടുക്കുക.
∙ തണലൊരുക്കാം
ഒഴിഞ്ഞു കിടക്കുന്ന വീട്, ഹോട്ടലുകൾ, ക്വാർട്ടേഴ്‌സ് ഏതെങ്കിലും ഉണ്ടെങ്കിൽ, അതു ഭവനരഹിതരായവർക്ക് നൽകി താൽക്കാലികമായ ആശ്രയം നൽകാം. ഇതെല്ലാം അധികാരികളുടെ മേൽനോട്ടത്തിലായിരിക്കും നടത്തപ്പെടുക. വെബ്സൈറ്റു വഴി വീടിന്റെ വിവരങ്ങൾ നൽകിയാൽ, അധികാരികൾ നിങ്ങളുമായി ബന്ധപ്പെടും. സഹായ സംഭാവനയായി പണം അല്ല പകരം ആശ്രയമാണ് ഒരുക്കുന്നത്.
∙ ആരോഗ്യ സഹായം
നിങ്ങൾ ഒരു ഡോക്ടറോ നഴ്‌സോ ആണെങ്കിൽ നിങ്ങളുടെ സേവനം അവരുടെ ജീവൻ രക്ഷിക്കാം. സൗജന്യമായി മെഡിക്കൽ സഹായം നൽകാൻ സന്നദ്ധതയുള്ളവർക്ക് വെബ്സൈറ്റു വഴി അത് അറിയിക്കാം.
∙ ഗതാഗത സഹായം
സ്വന്തമായ് വാഹനമുള്ളവർക്ക്, ആളുകളെ അവരുടെ താൽക്കാലിക വീടുകളിലേക്ക് എത്തിക്കാൻ സഹായിക്കാം.
ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ വിവരങ്ങൾ SupportWayanad.com എന്ന സൈറ്റ് വഴി അപ്‌ലോഡ് ചെയ്യാം. സർക്കാർ വഴിയാകും ആവശ്യക്കാർക്ക് വീട് നൽകുക. വീടു നൽകാൻ താൽപര്യമുള്ള പ്രവാസികൾക്ക് ബന്ധപ്പെടാനും മറ്റ് പ്രക്രിയകളുടെ സുഗമമായ നടത്തിപ്പിനായുമാണ് വെബ്സൈറ്റ് രൂപീകരിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഒഴിഞ്ഞ വീടുകളുള്ള പ്രവാസികളോടായാണ് സഹായം പ്രത്യേകമായും അഭ്യർഥിച്ചിരിക്കുന്നത്.