അറബ് രാജ്യങ്ങളിലെ എണ്ണയും പ്രകൃതി വാതകവും 7% കുറയും
Mail This Article
കുവൈത്ത് സിറ്റി ∙ അറബ് രാജ്യങ്ങളിലെ എണ്ണയും പ്രകൃതി വാതകവും കുറയുന്നു. 2030 ആകുമ്പോഴേക്കും പെട്രോളിയം – പ്രകൃതി വാതക സമ്പത്തിൽ 7 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ദ് അറബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് എക്സ്പോർട് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ റിപ്പോർട്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ എണ്ണ – പ്രകൃതിവാതക മേഖലയിൽ അറബ് രാജ്യങ്ങൾ 40,600 കോടി ഡോളറിന്റെ വിദേശ നിക്ഷേപം നേടി. എണ്ണ അധിഷ്ഠിത മേഖലയിൽ 356 വിദേശ കമ്പനികൾ അടക്കം 610 പദ്ധതികളാണ് അറബ് രാജ്യങ്ങളിലുള്ളത്. അമേരിക്കയും റഷ്യയുമാണ് പെട്രോളിയം രംഗത്തു നിക്ഷേപമിറക്കിയ രാജ്യങ്ങളിൽ മുൻപിൽ. 85 പദ്ധതികളിൽ അമേരിക്ക നിക്ഷേപിച്ചിട്ടുണ്ട്. റഷ്യയുടെ മൊത്തം നിക്ഷേപം 6150 കോടി ഡോളറാണ്.
റഷ്യയും അമേരിക്കയും ചേർന്നു മൊത്തം പദ്ധതികളിൽ 29.2 ശതമാനവും കയ്യടക്കിയിരിക്കുന്നു. മറ്റു വിദേശ രാജ്യങ്ങളും അറബ് രാജ്യങ്ങളുമാണ് ബാക്കിയുള്ള നിക്ഷേപകർ. ഈ വർഷം അറബ് രാജ്യങ്ങളിലെ എണ്ണ ശേഖരം 70400 കോടി ബാരലായി കുറയും. ലോകത്തെ എണ്ണ ശേഖരത്തിന്റെ 41.3 ശതമാനമാണിത്. 2030 ആകുമ്പോഴേക്കും അറബ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപം 65450 കോടി ബാരലാകും. ഇപ്പോഴുള്ളതിനേക്കാൾ 7 ശതമാനം കുറവ്.
പ്രകൃതി വാതക ശേഖരം ഈ വർഷം 58 ലക്ഷം കോടി ക്യുബിക് മീറ്ററാകും. ലോകത്തിലെ പ്രകൃതി വാതക നിക്ഷേപത്തിന്റെ 26.8 ശതമാനം. ഇത് 2030 ആകുമ്പോഴേക്കും 53.53 ലക്ഷം കോടി ക്യുബിക് മീറ്ററായി കുറയും. അതേസമയം, 2030 ആകുമ്പോഴേക്കും അറബ് രാജ്യങ്ങളിലെ പെട്രോളിയം ഉൽപാദനം പ്രതിദിനം 3.3 കോടി ബാരലായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ 2.87 കോടി ബാരലാണ് പ്രതിദിന ഉൽപാദനം. ഇത് 6.4 ശതമാനം വർധിക്കും.