സർക്കാർ സ്ഥാപനങ്ങളുടെ ‘എക്‌സ് അക്കൗണ്ട് ഹാക്കിങ്’; സത്യം വെളിപ്പെടുത്തി ഖത്തർ
Mail This Article
ദോഹ∙ എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും തെറ്റായ സന്ദേശങ്ങൾ വന്നതായി കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾക്ക് വിരാമമായി. ഖത്തർ ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻസ് ഓഫിസ് (ജിസിഒ) പുറത്തിറക്കിയ പ്രസ്താവനയിൽ ഈ പ്രശ്നം സാങ്കേതിക തകരാറുകൾ മൂലമാണുണ്ടായതെന്നും അത് ഇതിനകം പരിഹരിച്ചതായും വ്യക്തമാക്കി.
പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ മതകാര്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള നിരവധി ഗവൺമെന്‍റ് അക്കൗണ്ടുകളിൽ നിന്നാണ് ഉപയോക്താക്കൾക്ക് വിചിത്രവും അർത്ഥശങ്ക ഉളവാക്കുന്നതുമായ സന്ദേശങ്ങൾ ലഭിച്ചത്. ഇതോടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക പൊതുജനങ്ങളിൽ ഉയർന്നിരുന്നു.
പ്രാദേശിക അറബി പത്രമായ അൽ ഷാർഖ് ഈ വിഷയം ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹ മാധ്യമത്തിൽ ഇക്കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെ ഖത്തർ ഗവൺമെന്‍റ് ഇടപെടുകയായിരുന്നു. ജിസിഒ പുറത്തിറക്കിയ പ്രസ്താവനയിൽ, "സാങ്കേതിക തകരാറുകൾ മൂലമാണ് ഈ പ്രശ്നം ഉണ്ടായത്. ഞങ്ങളുടെ സാങ്കേതിക വിദഗ്ധർ ഉടൻ തന്നെ ഇത് പരിഹരിച്ചു. പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കപ്പെട്ടതിൽ ഖേദിക്കുന്നു" എന്ന് അറിയിച്ചു.