സായിദ് ദേശീയ മ്യൂസിയം; ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ തുറന്നു
Mail This Article
അബുദാബി ∙ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന സായിദ് ദേശീയ മ്യൂസിയത്തിനു പുതിയ വെബ്സൈറ്റും സമൂഹ മാധ്യമ പേജുകളും നിലവിൽ വന്നു. മ്യൂസിയത്തിന്റെ അക കാഴ്ചകൾ സംബന്ധിച്ച് വ്യക്തമായ സൂചനകൾ നൽകുന്നതാണ് വെബ്സൈറ്റും സമൂഹ മാധ്യമ പേജുകളും. സന്ദർശകർക്കു മുന്നിൽ ചരിത്രത്തിന്റെ എന്തെല്ലാം അമൂല്യ കാഴ്ചകളാണ് മ്യൂസിയം സമ്മാനിക്കാൻ പോകുന്നതെന്ന് ഡിജിറ്റൽ പേജുകൾ തുറന്നതോടെ സൂചനകൾ പുറത്തു വന്നുതുടങ്ങി.
യുഎഇയുടെ സമ്പന്നമായ ചരിത്രം, സംസ്കാരം, കഥകൾ എന്നിവയുടെ ആഘോഷമായിരിക്കും മ്യൂസിയം. ഇതുവരെയുള്ള യുഎഇയുടെ വളർച്ച മ്യൂസിയത്തിൽ നേരിട്ടറിയാം. ഗവേഷകർക്കും മറ്റു വിദ്യാർഥികൾക്കും യുഎഇയുടെ ചരിത്രം പഠിക്കാനുള്ള വലിയ പാഠശാലയായിരിക്കും മ്യൂസിയം. https://zayednationalmuseum.ae/ ഔദ്യോഗിക വെബ് സൈറ്റ്.
അബുദാബി സാദിയാത് കൾച്ചറൽ ഡിസ്ട്രിക്റ്റിലാണ് സായിദ് ദേശീയ മ്യൂസിയം. യുഎഇയുടെ ദേശീയ മ്യൂസിയം എന്ന നിലയിൽ സായിദ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളുമാണ് മ്യൂസിയത്തിന്റെ അടിസ്ഥാനം. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലാകും ദേശീയ മ്യൂസിയം അറിയപ്പെടുക. ഷെയ്ഖ് സായിദ് ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ, രാജ്യത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വാധീനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഗവേഷകർക്കു സഹായകരമാകുന്ന മുഴുവൻ വിവരങ്ങളും മ്യൂസിയത്തിൽ നിന്ന് ലഭിക്കും.