അജ്മാനിൽ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവർ വർധിച്ചു
Mail This Article
അജ്മാൻ ∙ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (എടിഎ) 2023 ന്റെ ആദ്യ പകുതിയിൽ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 18% വർധനവ് രേഖപ്പെടുത്തി. 1,980,386 യാത്രക്കാർ ഈ സേവനം ഉപയോഗിച്ചു. പൊതു ബസുകൾ 62,327 ട്രിപ്പുകൾ നടത്തി. സേവനങ്ങളും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താൻ എടിഎ നിരന്തരം പരിശ്രമിക്കുന്നതായി അധികൃതർ പറഞ്ഞു.
തിരക്കേറിയ പ്രദേശങ്ങളിൽ പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നതിനും ആധുനികവും സുഖപ്രദവുമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനുള്ള എടിഎയുടെ ശ്രമങ്ങളെ പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ് കോർപറേഷന്റെ പബ്ലിക് ട്രാൻസ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സമി അലി ഖമീസ് അൽ ജലാഫ് അഭിനന്ദിച്ചു. കാത്തിരിപ്പ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.