മദീന രാജ്യാന്തര പുസ്തകമേള സമാപിച്ചു
Mail This Article
മദീന ∙ മദീന രാജ്യാന്തര പുസ്തകമേളയിലേക്ക് സന്ദർശക പ്രവാഹം. മുൻ പതിപ്പുകളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 22 ശതമാനം വർധനവുണ്ടായെന്ന് റിപ്പോർട്ട്. 300-ലധികം പ്രാദേശിക, അറബ്, രാജ്യാന്തര പ്രസിദ്ധീകരണശാലകളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് മേള നടന്നത്. 200-ലധികം പവലിയനുകൾ മേളയിലുണ്ടായിരുന്നു.
മദീനയിലെ കിങ് സൽമാൻ കൺവൻഷൻ സെന്ററിൽ അഞ്ച് ദിവസം നീണ്ടുനിന്ന മദീന പുസ്തകമേള മൂന്നാം പതിപ്പ് ഓഗസ്റ്റ് അഞ്ചിനാണ് സമാപിച്ചത്. വൈവിധ്യമാർന്നതും സമ്പന്നവുമായ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ദിവസേന സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരും പുസ്തക പ്രേമികളുമായ നിരവധിയാളുകളാണ് ഒഴുകിയെത്തിയത്. മദീന പുസ്തകമേളയുടെ മൂന്നാം പതിപ്പ് വിജയകരമായിരുന്നുവെന്ന് സംഘാടകരായ ലിറ്ററേച്ചർ, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി സി.ഇഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു.