ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഗൾഫ് മേഖല; ജനങ്ങൾക്ക് നേരെയുള്ള ആക്രമണം യുദ്ധ മര്യാദകളുടെ ലംഘനമെന്ന് യുഎഇ
Mail This Article
അബുദാബി ∙ ഗാസയിലെ അൽ തബിൻ സ്കൂളിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമാർശിച്ച് യുഎഇ. 12 പേരുടെ മരണത്തിനും നൂറു കണക്കിന് പേർക്ക് പരുക്കേൽക്കാനും കാരണമായ അക്രമണം അംഗീകരിക്കാനാവില്ല. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധ മര്യാദകളുടെ ലംഘനമാണ്. അടിയന്തരമായി ദുരിതാശ്വാസം എത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തകരുടെ വഴി തടയരുത്. കൂടുതൽ ജീവഹാനി ഉണ്ടാകുന്നത് തടയാൻ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം. രാജ്യാന്തര കരാറുകളും രാജ്യാന്തര നിയമങ്ങളും ലംഘിക്കപ്പെടരുത്. ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം നിർത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലും യുഎഇ അഭ്യർഥിച്ചു. ദുരിതാശ്വാസ ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിനു നേരെയുണ്ടായ ആക്രമണത്തെ അറബ് ലീഗും അപലപിച്ചു. ഇസ്രയേലിന്റേത് ഭീരുത്വ നടപടിയാണെന്നും അവരുടെ പട്ടാളത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗെയ്ത് പറഞ്ഞു. തടവിലുള്ളവരെ മോചിപ്പിച്ചു കൊണ്ട് അടിയന്തര യുദ്ധവിരാമം യാഥാർഥ്യമാക്കണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
ഇസ്രയേൽ അക്രമണത്തെ ദ് മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സും അപലപിച്ചു. ദുരിതാശ്വാസ ക്യാംപിന് നേരെ നടത്തിയ ആക്രമണം ന്യായീകരിക്കാൻ കഴിയില്ലെന്നു അൽ അസർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തായേബ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്നും പരുക്കേറ്റവർക്കു വൈദ്യ സഹായം ഉൾപ്പെടെ അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും യുഎഇ, ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്തമായി ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്ത അൽ സിസി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകണമെന്ന് ആവശ്യപ്പെട്ടത്.
മധ്യപൂർവ മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്കയെ തുടർന്നാണ് രാജ്യങ്ങൾ ഇസ്രയേലിനും ഹമാസിനും മേൽ സമ്മർദം ആരംഭിച്ചത്. ഗാസയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്നും അതിന് കാലതാമസം അരുതെന്നും പ്രസ്താവനയിലൂടെ യുഎഇ ആവശ്യപ്പെട്ടു. അതേസമയം, 15ന് ചർച്ചകൾ പുനരാരംഭിക്കാമെന്ന് മധ്യസ്ഥ രാജ്യങ്ങൾക്ക് ഇസ്രയേൽ ഉറപ്പുനൽകിയിട്ടുണ്ട്.