പാർക്കിൻ വരുമാനം 20.55 കോടി ദിർഹം
Mail This Article
ദുബായ് ∙ നഗരത്തിലെ പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനിക്ക് വർഷത്തിന്റെ ആദ്യ പകുതിയിൽ 20.55 കോടി ദിർഹത്തിന്റെ വരുമാനം. മുൻ വർഷത്തേതിനെക്കാൾ 12% അധികമാണിത്. ഇതിൽ 9.5 കോടി ദിർഹം കമ്പനിയുടെ ലാഭമാണ്. വികസന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ 6 മാസത്തിനിടെ കമ്പനിക്കു കീഴിൽ പുതിയതായി 2900 പാർക്കിങ്ങുകൾ കൂടി നിലവിൽ വന്നു. പണം നൽകിയുള്ള പാർക്കിങ്ങുകൾ വ്യാപകമായി ഉപയോഗിപ്പെട്ടതാണ് അർധവാർഷിക നേട്ടത്തിനു കാരണമെന്നു പാർക്കിൻ സിഇഒ മുഹമ്മദ് അൽ അലി പറഞ്ഞു. സീസണൽ പെർമിറ്റിനു വേണ്ടിയുള്ള അപേക്ഷകളിലും വർധനയുണ്ടായി. പാർക്കിങ്ങിൽ നിന്നുള്ള ദൈനം ദിന വരുമാനം റെക്കോർഡിൽ എത്തി.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ദേവയുമായി കരാറിൽ ഏർപ്പെട്ടതും ഗുണം ചെയ്യും. 6 മാസത്തിനിടെ പാർക്കിങ് സ്ഥലങ്ങളിൽ 3% വർധനയുണ്ടായി. നിലവിൽ 200400 പാർക്കിങ്ങുകൾ പാർക്കിൻ കമ്പനിക്കു കീഴിലുണ്ട്. റോഡരികിലെ പാർക്കിങ്ങുകളും എണ്ണം 177000 ആയി ഉയർന്നു. പുതിയതായി 2000 സി സോൺ പാർക്കിങ്ങുകൾ നിലവിൽ വന്നു.
സ്വകാര്യ മേഖലയിലെ ഡവലപ്പർ ലെവൽ പാർക്കിങ്ങുകളിലാണ് അടുത്തതായി വികസനം പ്രതീക്ഷിക്കുന്നത്. സ്വകാര്യ പാർക്കിങ് സെന്ററുകളുടെ എണ്ണത്തിൽ 17% വളർച്ചയുണ്ടായി. പുതിയതായി 7500 ഡവലപ്പർ പാർക്കിങ് സ്ഥലത്തിനു സ്വകാര്യ കമ്പനികളുമായി പാർക്കിൻ കരാർ ഒപ്പുവച്ചു.
ബഹുനില പാർക്കിങ് മന്ദിരങ്ങളിൽ നിന്ന് 2% വരുമാനമാണുണ്ടായത്. മൾട്ടി ലവൽ പാർക്കിങ്ങുകളുടെ എണ്ണത്തിൽ 22% കുറവുണ്ടായി. സബ്കാ കാർ പാർക്ക് പൊളിച്ചു കളഞ്ഞതും അൽ റിഗ്ഗയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതുമാണ് പാർക്കിങ്ങുകളിൽ കുറവു വരാൻ കാരണം.
പാർക്കിങ്ങുമായി ബന്ധപ്പെട്ട 90 ശതമാനം പണമിടപാടുകളും ഓൺലൈനായാണ് നടന്നത്. സീസണൽ പാർക്കിങ് പെർമിറ്റുകളിൽ 39% വർധനയുണ്ടായി. 3 മാസം വരെയുള്ള പാർക്കിങ്ങുകളാണ് സീസൺ പെർമിറ്റിൽ പോയത്. പാർക്കിങ് ഫൈനുകളുടെ എണ്ണവും 26% വർധിച്ചു. 3.65 ലക്ഷം ദിർഹമാണ് പാർക്കിങ്ങ് ഇടാത്തതിന്റെ പേരിലുള്ള പിഴയായി പിരിച്ചത്.
പാർക്കിങ് പിഴയിൽ 87 ശതമാനവും പിരിച്ചെടുത്തു. പാർക്കിങ്ങിൽ പണം അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള സ്കാൻ കാറുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. ഓഹരി നിക്ഷേപ സ്ഥാപനമായി പാർക്കിൻ നിലവിൽ വന്നത് ജനുവരി 1ന് ആണ്. കനത്ത മഴക്കെടുതികളെ തുടർന്ന് ഏപ്രിലിൽ 3 ദിവസം പാർക്കിങ് ഫീസ് ഇടാക്കിയിട്ടില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ്ങിന് ഫീസ് ഈടാക്കുന്നില്ല.