സ്വാതന്ത്ര്യദിനം ആഘോഷിച്ച് അബുദാബി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും
Mail This Article
അബുദാബി ∙ ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യദിനം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വർണാഭമായി ആഘോഷിച്ചു. എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീറും കോൺസുലേറ്റിൽ സതീഷ് കുമാർ ശിവയും ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. തുടർന്ന് സംഗീത നൃത്തവും അടക്കമുള്ള കലാപരിപാടികളും അരങ്ങേറി. നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ സംബന്ധിച്ചു.
ഐഐഎം-എ ക്യാംപസ് ദുബായിൽ; ചർച്ചകൾ നടക്കുന്നു
അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐഐഎം-എ) ഒരു ക്യാംപസ് ആരംഭിക്കുന്നതിന് ദുബായ് സർക്കാരുമായി ചർച്ച നടത്തിവരികയാണെന്ന് സ്ഥാനപതി പറഞ്ഞു. യുഎഇ-ഇന്ത്യ ബന്ധം സുപ്രധാനമായ പുരോഗതിയോടെ തുടരുന്നതായി, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൽ തുടരുന്നതായും പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദ്രുതഗതിയിൽ ക്രിയാത്മക പരിവർത്തനത്തിന് വിധേയമാകുന്നതിന്റെ ഏറ്റവും പ്രധാന കാരണം ഇരു രാജ്യത്തിന്റെയും നേതൃത്വത്തിന്റെ കാഴ്ചപ്പാടും ദീർഘവീക്ഷണവും മാർഗനിർദ്ദേശവുമാണ്.
പ്രസിഡന്റെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഇടയ്ക്കിടെയുള്ള ഉഭയകക്ഷി സന്ദർശനങ്ങൾ ശക്തമായ ബന്ധത്തിന് ഉദാഹരണമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം ഒരു മാതൃകയായി നിലകൊള്ളുന്നു. പങ്കിട്ട മൂല്യങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും ശക്തിയാണിത്.
ദുബായിൽ ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഓഫീസും അബുദാബിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി (ഐഐടിഡി)- അബുദാബി ക്യാംപസും വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് സഞ്ജയ് സുധീർ പറഞ്ഞു. യുഎഇയിലെ 105 സിബിഎസ്ഇ-അഫിലിയേറ്റ് സ്‌കൂളുകൾക്കും ഇവിടെ പഠിക്കുന്ന 325,000 കുട്ടികൾക്കും സേവനം നൽകുന്നതിനായി ദുബായിലെ സിബിഎസ്ഇ ഓഫീസ് കഴിഞ്ഞ മാസമാണ് പ്രവർത്തനം ആരംഭിച്ചത്.
പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ ഡൽഹി ഐഐടി മാസ്റ്റേഴ്സ് പ്രോഗ്രാം ഈ വർഷം തുടക്കത്തിൽ ആരംഭിച്ചു. കൂടാതെ 2024 സെപ്റ്റംബറിൽ ഫ്ലാഗ്ഷിപ് ബാച്ചിലേഴ്സ് പ്രോഗ്രാം ആരംഭിക്കും. ഈ വർഷം ഫെബ്രുവരിയിൽ മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാ ക്ഷേത്രത്തിമന്റെ ഉദ്ഘാടനം വളർന്നുവരുന്ന ബന്ധത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി സ്ഥാനപതി വിശേഷിപ്പിച്ചു. യുഎഇയിൽ ആകെ 35 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നും വ്യക്തമാക്കി. ഇത് ലോകത്തിലെ ഏറ്റവും വലുതും ജിസിസിയിലെ 45 ശതമാനം ഇന്ത്യൻ പൗരന്മാരുമാണ്.