സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ചുവടുവയ്പ്പ്; 14 പ്രഫഷനൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അംഗീകാരം

Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ തൊഴിൽരംഗത്തുള്ള സ്വദേശി ആരോഗ്യപ്രവർത്തകർക്കായി പുതുതായി 14 തരം സപ്പോർട്ടഡ് പ്രഫഷനൽ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി വികസന നിധിയുമായി (ഹദാഫ്) സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയം പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. ഇവയിൽ ശ്രദ്ധേയമായിരിക്കുന്നത് ഒട്ടനവധി മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ മേഖലയായ ലൈഫ് സപ്പോർട്ട് കോഴ്സും ക്രിട്ടിക്കൽ കെയർ കോഴ്സും ഉൾപ്പെടുന്നുവെന്നതാണ്.
ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, രാജ്യത്തിന്റെ ആരോഗ്യപ്രവർത്തക സംഘ ശേഷിയെ ശാക്തീകരിക്കുക, ആരോഗ്യ മേഖലകളിൽ വൈദഗ്ധ്യവും കഴിവും പ്രാപ്തിയും പരിചയസമ്പന്നതയും വികസിപ്പിക്കുന്നതിന് സംഭാവന ചെയ്യുക എന്നിവയൊക്കെ മുൻനിർത്തിയാണ് സർട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷൻ വരുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
അഡ്വാൻസ്‌ഡ് പീഡിയാട്രിക് ലൈഫ് സപ്പോർട്ട് കോഴ്‌സ്, ക്രിട്ടിക്കൽ കെയർ ഫോർ സർജിക്കൽ പേഷ്യന്റ്സ് കോഴ്‌സ്, ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനർ ട്രെയിനിങ് കോഴ്‌സ്, നിയോനാറ്റൽ കാർഡിയോപൾമനറി റെസസിറ്റേഷൻ ട്രെയിനർ ട്രെയിനിങ് കോഴ്‌സ്, അഡ്വാൻസ്ഡ് സർജിക്കൽ ട്രോമ മാനേജ്‌മെന്റ് കോഴ്‌സ്, അഡ്വാൻസ്ഡ് കോഴ്‌സ് ട്രോമ നഴ്‌സിങ് എന്നിവ സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുന്നു.
കൂടാതെ ഫസ്റ്റ് എയ്ഡ്, ഫസ്റ്റ് റെസ്ക്യൂർ ആൻഡ് കാർഡിയോപൾമോനറി റെസസിറ്റേഷൻ കോഴ്സും ഉൾപ്പെടുന്നു. അഡ്വാൻസ്ഡ് നിയോനാറ്റൽ റെസസിറ്റേഷൻ പ്രോഗ്രാം, അഡ്വാൻസ്ഡ് കാർഡിയോപൾമോനറി റെസസിറ്റേഷൻ കോഴ്‌സ്, പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്‌സ്, ബേസിക് ലൈഫ് സപ്പോർട്ട് കോഴ്‌സ്, അഡ്വാൻസ്ഡ് ട്രോമ ലൈഫ് സപ്പോർട്ട് കോഴ്‌സ്, അഡ്വാൻസ്ഡ് ഒബ്‌സ്റ്റട്രിക്‌സ് ലൈഫ് സപ്പോർട്ട് കോഴ്‌സ്, അഡൾട്ട് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്‌സ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
തൊഴിൽ രംഗത്ത് ആവശ്യമായ പ്രത്യേക മേഖലകളിലെ കഴിവും വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് അംഗീകൃത പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ നേടുന്നതിന് രാജ്യത്തിന്റെതായ തൊഴിൽശക്തിയേയും ബിസിനസ്സ് സംരംഭകരേയും തൊഴിലന്വേഷകരെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി സൗദി മാനവ വിഭവശേഷി വികസന ഫണ്ടാണ് പ്രൊഫഷനൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം നൽകുന്നത്.
പ്രത്യേക കോഴ്സുകളിൽ സർക്കാർ സഹായത്താൽ പഠിക്കാനും അതുവഴി മെച്ചപ്പെട്ട തൊഴിൽപദവിയും ഉയർച്ചയ്ക്കും സഹായിക്കുമെന്നതിനാൽ പുതിയ തീരുമാനത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി സ്വദേശികളാണ് അഭിനന്ദനവുമായെത്തിയിരിക്കുന്നത്.