പൊണ്ണത്തടി: കുട്ടികൾക്കായി സ്കൂളുകൾ വഴി ക്യാംപെയ്ൻ
Mail This Article
അബുദാബി ∙ വിദ്യാർഥികൾക്കിടയിലെ പൊണ്ണത്തടി നേരത്തെ കണ്ടെത്തി പരിഹരിക്കാൻ പ്രത്യേക ക്യാംപെയിനുമായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. പൊതുനിയമാവലി രൂപപ്പെടുത്തി സ്കൂളുകൾ മുഖേന വിദ്യാർഥികളുടെ ആരോഗ്യ, ഭക്ഷണ, വ്യായാമ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്താകും നടപടി. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തും.
5 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ പരിശോധിച്ചു രേഖപ്പെടുത്താൻ സ്കൂൾ നഴ്സുമാർക്കും ഫിസിക്കൽ എജ്യുക്കേഷൻ സപ്പോർട്ട് സ്റ്റാഫിനും പ്രത്യേകം പരിശീലനം നൽകും. സ്കൂൾ ആരോഗ്യ ജീവനക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കുന്നു.
മന്ത്രാലയത്തിന്റെ ദുബായ്, ഷാർജ, അജ്മാൻ ആസ്ഥാനങ്ങളിലായിരുന്നു ആദ്യ പരിശീലനം. വരും ദിവസങ്ങളിൽ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. പൊണ്ണത്തടിയിലേക്ക് നയിക്കുന്ന സൂചനകൾ ലഭിക്കുന്ന കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേക ആഹാര, വ്യായാമ നിർദേശങ്ങൾ നടപ്പാക്കാനാണ് പദ്ധതി.
ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പ്രതിരോധ സംരക്ഷണത്തിൽ മുൻനിര മാതൃകയായി രാജ്യമായി മാറുന്നതുമാണ് ലക്ഷ്യമെന്ന് ഹെൽത്ത് പ്രമോഷൻ വകുപ്പ് ഡയറക്ടർ നൗഫ് ഖമീസ് അൽ അലി പറഞ്ഞു. കുട്ടികളുടെ ആരോഗ്യം നിലനിർത്തുന്നതിന് നേരത്തേയുള്ള ഇടപെടൽ പ്രധാനമാണ്.
ഭിന്നശേഷിക്കാരുടെ പൊണ്ണത്തടി കുറയ്ക്കാൻ അബുദാബിയിൽ പ്രത്യേക പദ്ധതിക്കു 2021ൽ തുടങ്ങിയിരുന്നു. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ്, സേഹ ഹെൽത്ത് സിസ്റ്റം ഫെസിലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.