ഫോൺ കോളിനിടെ സ്‌കൂൾ ജീവനക്കാനെ അസഭ്യം പറഞ്ഞു; രക്ഷിതാവിന് ശിക്ഷ വിധിച്ച് കോടതി
Mail This Article
മനാമ ∙ ഫോൺ കോളിനിടെ സ്‌കൂൾ ജീവനക്കാനെ അസഭ്യം പറഞ്ഞ രക്ഷിതാവിനെതിരെ 50 ബഹ്‌റൈൻ ദിനാർ കാസേഷൻ കോടതി പിഴ ചുമത്തി കോടതി. ഇരു കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത തെളിവിന്റെ അടിസ്‌ഥാനത്തിലാണ് കോടതി രക്ഷിതാവിന് എതിരെ നടപടി എടുത്തത്.
സ്‌കൂളിലേക്ക് ഫോൺ വിളിച്ചപ്പോഴാണ് രക്ഷിതാവ് മോശം ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് സ്‌കൂൾ ജീവനക്കാരൻ പരാതി നൽകിയത്. റെക്കോഡ് ചെയ്ത സംഭാഷണം ജീവനക്കാരൻ തെളിവായി ഹാജരാക്കി. ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ ജീവനക്കാരനെ അപമാനിച്ചതിനും അയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും രക്ഷിതാവിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിരുന്നു.
വിധിക്കെതിരെ രക്ഷിതാവ് ലോവർ കോടതിയിൽ അപ്പീൽ നൽകിയതോടെ പിഴ റദ്ദാക്കപ്പെട്ടു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി പിഴ പുനഃസ്ഥാപിക്കുകയായിരുന്നു. തുടർന്നാണ് രക്ഷിതാവ് കാസേഷൻ കോടതിയിൽ അപ്പീൽ നൽകിയത്.
കോടതി ഉത്തരവ് പ്രകാരമല്ല ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ടതെന്നും അത് കൊണ്ട് തന്നെ റെക്കോർഡ് സ്വീകാര്യമല്ലെന്ന് രക്ഷിതാവ് അപ്പീലിൽ വാദിച്ചു. സ്വകാര്യ ഫോണിലേക്കല്ല, സ്‌കൂളിന്റെ ഫോണിലേക്കാണ് കോൾ ചെയ്തതെന്നും പ്രത്യേക ഉപകരണം ഉപയോഗിച്ച് റെക്കോർഡ് ചെയ്തതാണെന്നും സ്‌കൂൾ ജീവനക്കാരനും വാദിച്ചു.
സേവനദാതാക്കൾ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നത് ഒരു സാധാരണ സമ്പ്രദായമാണെന്നും അത്തരം സേവനങ്ങൾ വിളിക്കുന്ന വ്യക്തികൾക്ക് ഇത് അറിയാമെന്നും കോടതി വിലയിരുത്തി. സ്‌കൂൾ ജീവനക്കാരൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അംഗമായത് കൊണ്ട് തന്നെ സേവന ദാതാവാണെന്നും സ്‌കൂളിന്റെ ഫോണിലേക്കാണ് ഫോൺ വിളിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിളിച്ചയാളുടെ വ്യക്തമായ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ സംഭാഷണത്തിന്റെ റെക്കോർഡിങ് സാധുവാണെന്ന് കോടതി അംഗീകരിക്കുകയായിരുന്നു. വാക്കാൽ ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളിൽ റെക്കോർഡ് ചെയ്‌ത ഫോൺ സംഭാഷണങ്ങളുടെ സ്വീകാര്യതയ്ക്ക് ഈ വിധി ഒരു മാതൃകയാണ്.