ADVERTISEMENT

റിയാദ് ∙ ശരത്കാലത്തിന്റെ വരവ് അറിയിച്ച് സൗദി. ഇടവപ്പാതിയെ ഓർമ്മിപ്പിക്കുന്ന ഇടിയും മിന്നലോടുകൂടിയ മഴയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുമായ് പെയ്തിറങ്ങിയത്. ജിസാൻ പോലുള്ളയിടങ്ങളിൽ പെയ്തിറങ്ങിയ മലവെള്ളപ്പാച്ചിലിൽ, പ്രളയസമാന അന്തരീക്ഷമായിരുന്നു. വാദികൾ കുത്തിയൊഴുകിയ പ്രളയതുല്യ മലവെള്ളത്തിൽ നിരവധി അപകടങ്ങളും മഴക്കെടുതിയും ഉണ്ടായിരുന്നു. 

വേനൽക്കാലം അവസാനിച്ചതോടെ രാജ്യത്തിന്റെ പല ഭാഗത്തും മഴ ലഭിച്ചു. മക്ക, മദീന,അസീർ, ഹായിൽ, റിയാദ് പ്രവിശ്യക്ക് തെക്ക് ഭാഗങ്ങളിലൊക്കെ ഇതിനോടകം മഴ പെയ്തിറങ്ങിയത് കൂടാതെ വരും ദിവസങ്ങളിലും മഴ പെയ്യുമെന്ന്  കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജിസാനിലും മക്കയിലും കനത്ത മഴ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നൽകിയിരുന്നത്. വേനലിനു ശേഷമുള്ള മഴയായതിനാൽ  മഞ്ഞുപെയ്തിറങ്ങുന്നതും  സാധാരണമാണ്.

ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  മദീനയിലാണെന്ന്  ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ പെയ്തിറങ്ങിയ കനത്ത മഴയെതുടർന്ന്  റോഡുകൾ തകർന്നു വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചു. മദീനക്കൊപ്പം ഖസീം,അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. ജിസാൻ പ്രവിശ്യയിൽ മഴയ്ക്ക് അകമ്പടിയായെത്തിയ മിന്നലേറ്റ്  മൂന്ന് പേരാണ്  മരിച്ചത്. ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു മരിച്ചവരിൽ രണ്ടുപേർ. മക്കയിൽ കഴിഞ്ഞ ദിവസം  ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചിരുന്നു. വേനൽക്കാലത്തിന് അവസാനം കുറിച്ചുകൊണ്ട്  ജിദ്ദയിലൊക്കെ പൊടിക്കാറ്റ് വീശിയിരുന്നു.

വേനൽ മാറി ശരത് കാലമെത്തുന്നതോടെ മരുഭൂമിയുടെ നിറമാകെ മാറും. മണലിനടിയിൽ സുഖസുഷുപ്തിയിലായിരുന്നു പലതരം ചെറു സസ്യങ്ങൾ ഇനി തലപൊക്കും. മഴയും  രാത്രി മഞ്ഞും പെയ്യുന്ന ശീതള കാലമെത്തുന്നതോടെ മരൂഭൂമിയിൽ മാത്രം കാണുന്ന ശിശിരകാല ചെടികൾ തളിർക്കും പൂവിടും പിന്നെ കായ്ക്കും. മാറുന്ന കാഴ്ചകളിൽ അന്തിക്കൂട്ടം ചേക്കേറാൻ കൂടാരങ്ങളുമായി സ്വദേശികളും ആഴ്ചവട്ടങ്ങളിൽ പ്രവാസികളും മരുഭൂമികളിലേക്ക് എത്തി രാപ്പാർക്കും. അവിടെ അകമ്പടിയായി ചൂടേറിയ ഗാഹ് വയും ഈന്തപ്പഴങ്ങളും, ബാർബിക്യൂവും ഒക്കെ ഉണ്ടാവും. കൂടാരങ്ങളിൽ ഒത്തുകൂടുന്നവർ സംഗീതവും പാട്ടുമൊക്കെ ആസ്വദിച്ച് സൊറ പറഞ്ഞും പലതരം വിനോദങ്ങളുമായി നേരം വെളുക്കുവോളം അവിടെ കഴിയും. ഇനിയങ്ങോട്ട് പ്രവാസി മലയാളി കുടുംബങ്ങളുടേയും സംഘങ്ങളുടേയും ആഴ്ചവട്ടങ്ങളിലെ ഒത്തു ചേരലുകളിലേക്ക് മരുഭൂമിയിലെ കൂടാരങ്ങൾ പ്രിയപ്പെട്ട ഇടങ്ങളാവും.

English Summary:

Autumn season will soon arrive in Saudi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com