‘സൗദിയിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ കാലതാമസമില്ല’
Mail This Article
റിയാദ്∙ സൗദിയിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദ്ദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നതിൽ കാലതാമസമില്ലെന്നും വെൽഫെയർ വിഭാഗം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കി വരുന്നുണ്ടെന്നും ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും, പരീക്ഷ ആവശ്യപ്പെട്ടുള്ള സർവകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെന്‍റർ എംബസിയുടെ മേൽനോട്ടത്തിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് അന്തിമഘട്ടത്തിലാണ്. വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള സൗദി അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുൽ റഹീം നാട്ടിലെത്തും. ആവശ്യമാ ദയധനം കണ്ടെത്തിയ കൂട്ടായ്‌മയെ അദ്ദേഹം അഭിനന്ദിച്ചു.
നാട്ടിൽ നിന്ന് കേന്ദ്ര ഹജ് സമിതിയോടൊപ്പം എത്തുന്ന സന്നദ്ധ സംഘത്തോടൊപ്പം അണിചേരാൻ പരിചയ സമ്പന്നരായ കെഎംസിസി ഉൾപ്പടെയുളള സന്നദ്ധ സംഘടനാ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി ആവശ്യമുന്നയിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ യാത്ര പ്രതിസന്ധിക്ക് അറുതി വരുത്താൻ കൂടുതൽ വിമാനങ്ങൾക്കായി ഇന്ത്യൻ മിഷന്‍റെ ശ്രദ്ധപതിയണമെന്ന് അഡ്വ.ഹാരിസ് ബീരാൻ ആവശ്യപെട്ടു.
കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി പി മുസ്തഫ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.