യുഎഇയിൽ ശരത്കാലം ഈ മാസം ആരംഭിക്കും; മഴയ്ക്ക് സാധ്യത
Mail This Article
ദുബായ് ∙ യുഎഇ വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ, മഴയും പ്രതീക്ഷിക്കുന്നു. ഇതിന് മുന്നോടിയായി രാത്രികാലത്ത് താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും. ഇൗ മാസാവസാനത്തോടെ കൂടുതൽ തണുപ്പനുഭവപ്പെടുകയും ചെയ്യും. യുഎഇയിൽ താമസിക്കുന്നവർക്ക് വേനൽക്കാലത്തിന്റെ അവസാനത്തിനായി ഇനി നാളുകളെണ്ണി കാത്തിരിക്കാം. സെപ്തംബർ സീസണിന്റെ അവസാന മാസമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബർ 23 ശരത്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തും. യുഎഇയിൽ രാത്രിയും പകലും ഇതോടെ ഒരുപോലെ ദൈർഘ്യമുള്ളതായിരിക്കും.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് സെപ്റ്റംബറിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയും ഇടിയും പ്രതീക്ഷിക്കാം. കിഴക്കൻ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന മേഘങ്ങളുടെ ഫലമാണിത്. ഇത് ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. വ്യത്യസ്ത തീവ്രതയിൽ മഴയും കാറ്റിന്റെ പ്രവചനവും ഉണ്ട്. ചിലപ്പോൾ പൊടിപടലങ്ങൾ വീശുകയും ഇത് ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യൻ മൺസൂൺ ക്രമേണ ദുർബലമാകുന്നതിന്റെയും അറേബ്യൻ ഉപദ്വീപിലെ മരുഭൂമിയിലെ താപനില താഴ്ന്നതിന്റെയും ഫലമാണിത്. ഓഗസ്റ്റിനെ അപേക്ഷിച്ച് ഇൗ മാസം, പ്രത്യേകിച്ച് മാസത്തിന്റെ രണ്ടാം പകുതിയിൽ ഈർപ്പം വർധിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിക്കും.
∙പ്രതീക്ഷയോടെ 'യെമനിലെ നക്ഷത്രം' സുഹൈൽ
'യെമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24-ന് കണ്ടെത്തിയതോടെയാണ് വേനൽക്കാലത്തിന്റെ കൊടുംചൂടിന്റെ അവസാനത്തെ അടയാളപ്പെടുത്തിയത്. നക്ഷത്രം കണ്ടുകഴിഞ്ഞാൽ ഏറ്റവും കൂടിയ ചൂടിനും തണുപ്പിനും ഇടയിൽ 40 ദിവസത്തെ കാലയളവിൽ കാലാവസ്ഥ മാറും. ഈ കാലഘട്ടം 'സുഫ്രിയ' എന്നും അറിയപ്പെടുന്നു. ഇൗ മാസം പകുതിയോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുഹൈൽ നക്ഷത്രത്തിന്റെ ഉദയം കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം ശൈത്യകാലം ആരംഭിക്കും.
∙വിപണി ഉണരും; പരിപാടികൾ ഒട്ടേറെ
ശൈത്യകാലത്ത് യുഎഇ വിപണി കൂടുതൽ ഉണരുകയും ഒട്ടേറെ പരിപാടികൾ നടക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിനകം രാജ്യാന്തര പ്രദർശനങ്ങളടക്കം വിവിധ പരിപാടികൾ ചാർട്ട് ചെയ്തു കഴിഞ്ഞു. ഷാർജ സർക്കാർ മാധ്യമ ബ്യൂറോയുടെ നേതൃത്വത്തിൽ രാജ്യാന്തര സർക്കാർ കമ്മ്യൂണിക്കേഷൻ ഫോറം നാളെ ( 4)യും 5 നും എക്സ്പോ സെന്ററിൽ നടക്കും. പരിപാടിയിൽ വിവിധ ലോക നേതാക്കൾ പങ്കെടുക്കും. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ ദുബായ് എ ഐ ആൻഡ് വെബ് 3 ഫെസ്റ്റിവൽ 11,12 തിയതികളിൽ നടക്കും. പരിപാടിയിൽ 100 പ്രദർശകരും 5000 ജീവനക്കാരും പങ്കെടുക്കും. 16 മുതൽ 18 വരെ അബുദാബി ദേശീയ ഊർജ കമ്പനിയുടെ നേതൃത്വത്തിൽ മൂന്നാമത് വേൾഡ് യൂട്ടിലിറ്റി കോൺഗ്രസ് നടക്കും.
അഡ്നെക് സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 18 ഊർജ മന്ത്രിമാർ എത്തിച്ചേരും. 18, 19 തിയതികളിൽ നടക്കുന്ന ഷാർജ ഇൻവെസ്റ്റ്മെന്‍റ് ഫോറം ഏഴാം പതിപ്പിൽ മന്ത്രിമാരും വ്യവസായ പ്രമുഖരും 80 പ്രഭാഷകരും പങ്കെടുക്കും. സ്മാർട്ട് സമ്പദ് വ്യവസ്‌ഥകൾക്കുള്ള ഭാവി കാഴ്ചപ്പാട് എന്ന പ്രമേയത്തിലാണ് പരിപാടി. ആഗോള എയ്‌റോസ്പേസ് ഉച്ചകോടിയുടെ ഏഴാം പതിപ്പ് 25 നും 26 നും അബുദാബി സെന്‍റ് റെജിസ് സാദിയാത് ഐലൻഡ് റിസോർട്ടിൽ നടക്കും. തുടർന്ന് മധ്യപൂർവ ദേശത്ത് ആദ്യമായി നടത്തുന്ന ലോക പുനരധിവാസ കോൺഗ്രസിന് അബുദാബി ആതിഥേയത്വം വഹിക്കും. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 23 മുതൽ 25 വരെ നടക്കുന്ന പരിപാടിയിൽ 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ബിനോസ് ക്ലാസിക് ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ് രണ്ടാം എഡിഷൻ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. 700 അത്‌റ്റുകൾ പങ്കെടുക്കുന്ന പരിപാടിയിൽ 12 ലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങൾ നൽകും. ഇതടക്കം ഒട്ടേറെ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതേസമയം, സന്ദർശകരെയും താമസക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജും സജീവമാകും. ഇൗ മാസം 16 മുതലാണ് പുതിയ സീസൺ.