പ്രവാസി പ്രേക്ഷകർക്കായ് സൂപ്പർ ലീഗ് കേരള മനോരമ മാക്സിൽ
Mail This Article
കൊച്ചി ∙ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ സെപ്റ്റംബർ ഏഴിന് തുടക്കം കുറിക്കുമ്പോൾ കാഴ്ചകൾ പ്രവാസി പ്രേക്ഷകരിലെത്തിക്കാൻ മനോരമ മാക്സ്. ആദ്യ മത്സരത്തോട് അനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികൾ ഗൾഫ് രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കുന്നത് മനോരമ മാക്സാണ്.
സെപ്റ്റംബർ 7ന് കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് 7:30നാണ് സൂപ്പർലീഗിന്റെ ആദ്യ മത്സരം. ഫോഴ്സ് കൊച്ചി എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇതിനു മുൻപുള്ള ചടങ്ങിൽ ബോളിവുഡ് നടിയും മോഡലുമായ ജാക്വലിൻ ഫെർണാണ്ടസ്, ഡിജെ സാവിയോ ഡബ്സി, ശിവമണി തുടങ്ങിയവർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി നടക്കും. ഇതെല്ലാം മനോരമ മാക്സിലൂടെ പ്രവാസികൾക്ക് കാണാൻ സാധിക്കും. സ്റ്റാർ സ്പോര്‍ട്സ് ഫസ്റ്റും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമാണ് എല്ലാ മത്സരങ്ങളും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നത്.
പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സോ കൊച്ചി എഫ്സി, ആസിഫ് അലിക്ക് നിക്ഷേപമുള്ള കണ്ണൂർ വാരിയേഴ്സ് എഫ്സി, ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് നിക്ഷേപമുള്ള തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സി എന്നിവയാണ് സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്ന ടീമുകൾ. ചാംപ്യന്മാർക്ക് ഒരു കോടി രൂപയും റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയുമാണ് സമ്മാനത്തുക.