അന്തരീക്ഷത്തിൽനിന്ന് കുടിവെള്ളം; സാങ്കേതികവിദ്യ വ്യാപകമാക്കാൻ കമ്പനി
Mail This Article
അബുദാബി ∙ അന്തരീക്ഷത്തിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തി രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രീൻ പ്രദർശന നഗരി. കെട്ടിടത്തിനകത്തോ പുറത്തോ ഉപകരണം വച്ചാൽ വായുവിനെ വെള്ളമാക്കി തരും. വീട്ടുകാരുടെയോ സ്ഥാപനത്തിന്റെയോ വെള്ളത്തിന്റെ ആവശ്യം അനുസരിച്ച് നിശ്ചിത വലിപ്പത്തിലുള്ള മെഷീൻ സ്ഥാപിച്ചാൽ ആനുപാതികമായി വെള്ളം ലഭിക്കും. സൗരോർജത്തിലും വൈദ്യുതിയിലും മെഷീൻ പ്രവർത്തിപ്പിക്കാം. നവീന പദ്ധതിയിലൂടെ ജലം വേർതിരിച്ചെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ ഇടതടവില്ലാതെ ജലവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടന്നുവരുന്ന പ്രദർശനത്തിൽ, സന്ദർശകർക്ക് കുടിവെള്ളം നൽകിയാണ് നിർമാതാക്കൾ നൂതന സാങ്കേതികവിദ്യ വിശദീകരിക്കുന്നത്.
എഡബ്ല്യുജി (അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്റർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അന്തരീക്ഷത്തിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുന്നത്. കാർബൺ മലിനീകരണമില്ലാത്ത സാങ്കേതിക വിദ്യയിലൂടെ ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുകയാണ്. നിലവിൽ ഇന്ത്യ ഉൾപ്പെടെ 5 ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽ വായുവിൽനിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്നു. ജലദൗർലഭ്യം നേരിടുന്ന മധ്യപൂർവദേശ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ ഗുണകരമാകുന്നതാണ് ഈ പദ്ധതി.
സ്ഥിരവും സുരക്ഷിതവുമായ ജലസ്രോതസ്സ് ഉറപ്പാക്കാം എന്നതാണ് പ്രത്യേകത. വായുവിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുകയാണെന്ന് അബുദാബി ആസ്ഥാനമായുള്ള ബയ്നൂന കമ്പനി അറിയിച്ചു. മാ ഹവാ (വായുവിൽനിന്നുള്ള വെള്ളം) എന്ന പേരിലാണ് ശുദ്ധജലവും മെഷീനും പുറത്തിറക്കുന്നത്.
വീട്ടിലേക്കും വാണിജ്യാടിസ്ഥാനത്തിലും സ്ഥാപിക്കുന്ന മെഷീനു പുറമെ കൊണ്ടുനടക്കാവുന്ന പോർട്ടബിൾ മെഷീനും പുറത്തിറക്കിയിട്ടുണ്ട്. ദിവസേന 20 മുതൽ 6000 ലീറ്റർ ശുദ്ധജലം വരെ ഉൽപാദിപ്പിക്കാവുന്ന വിവിധ മെഷീനുകളാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്. വീട്ടാവശ്യത്തിനായി വാട്ടർ ഡിസ്പെൻസർ രൂപത്തിലുള്ള ചെറിയ മെഷീനും ലഭ്യമാണ്. കൂടാതെ ആശുപത്രി, നിർമാണ കേന്ദ്രം, സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, സൈനിക ക്യാംപ്, ട്രെയിൻ സ്റ്റേഷൻ, താമസകെട്ടിടങ്ങൾ എന്നിവയ്ക്കും യോജ്യമാകും വിധം വലിയ മെഷീനുകളുമുണ്ട്.
മസ്‌ദാർ സിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ സഹകരണത്തോടെ അമേരിക്കയിലെ വാട്ടർ ടെക്നോളജീസ് കമ്പനിയായ അക്വാവും ആണ് മെഷീന് രൂപംനൽകിയത്.
സുഗമം പക്ഷേ, ചെലവേറും
6000 ലീറ്റർ ശുദ്ധജലം ഉൽപാദിപ്പിക്കുന്ന മെഷീന് 5.5 ലക്ഷം ദിർഹമാണ് വില.
900 ലീറ്റർ - 2.95 ലക്ഷം ദിർഹം
220 ലീറ്റർ - 1.65 ലക്ഷം ദിർഹം
30 ലീറ്റർ - 14,500 ദിർഹം
25 ലീറ്റർ മൊബൈൽ ബോക്സ് - 16,500 ദിർഹം
കുപ്പിവെള്ളവും ഇവർ പുറത്തിറക്കിയിട്ടുണ്ട്. 330 മില്ലിലീറ്റർ വീതമുള്ള 12 കുപ്പിയടങ്ങുന്ന കാർട്ടണിന് 41.17 ദിർഹമാണ് വില. 750 മി.ലീ. 6 കുപ്പിവെള്ളത്തിന് 38 ദിർഹമും.