പൊതുമാപ്പ്: ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഹെൽപ് ഡെസ്ക്
Mail This Article
അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർക്കായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ആംനെസ്റ്റി ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. വീസ കാലാവധി തീർന്നവരും സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നിയമക്കുരുക്കു മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവരുമാണ് ഇവിടെ എത്തുന്നവരിൽ കൂടുതലും. ആദ്യ ദിവസം തന്നെ പത്തിലേറെ മലയാളികൾ എത്തിയിരുന്നു.
നിയമക്കുരുക്കിൽ അകപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകിവരുന്നു. പബ്ലിക് റിലേഷൻസ് വിങ്ങിന്റെ നേതൃത്വത്തിലുള്ള ഹെൽപ് ഡെസ്ക് പൊതുമാപ്പ് തീരുംവരെ തുടരും. അപേക്ഷകർക്ക് സ്വൈഹാനിലെ ഡീപോർട്ടേഷൻ സെന്ററിലേക്കു സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സേവനം പൂർണമായും സൗജന്യമായിരിക്കും.
ഹെൽപ് ഡെസ്ക് ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സമീർ, ജന. സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല, കൾചറൽ സെക്രട്ടറി മശ്ഹൂദ് നീർച്ചാൽ, പബ്ലിക് റിലേഷൻസ് വിങ് സെക്രട്ടറി അഡ്വ. ശറഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.