വരുന്നു ബുർജ് ഖലീഫയ്ക്ക് 'ഒരനുജൻ': ഇത്തവണ ‘ബുർജ് അസീസി’യുമായി ദുബായ്
![burj-azizi-set-to-be-the-world-second-tallest-tower-in-dubai ബുർജ് അസീസിയുടെ ഡിസൈൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/9/4/burj-azizi-set-to-be-the-world-second-tallest-tower-in-dubai.jpg?w=1120&h=583)
Mail This Article
ദുബായ് ∙ ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 'ഒരനുജൻ' വരുന്നു. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത് ബുർജ് അസീസി എന്ന പേരിലാണ് പുതിയ ‘വിസ്മയ നിർമതി’ വരുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാൻ പോകുന്ന ബുർജ് അസീസിക്ക് 725 മീറ്റർ ഉയരമാണുള്ളതെന്ന് നിർമാതാക്കളായ അസീസി ഡെവലപ്‌മെന്‍റസ് വെളിപ്പെടുത്തി. 6 ബില്യൻ ദിർഹത്തിലേറെയാണ് നിർമാണ ചെലവ്.
131-ലേറെ നിലകളുള്ള അംബരചുംബിയായ ബുർജ് അസീസി ദുബായുടെ സ്കൈലൈനിൽ മറ്റൊരു അദ്ഭുതമാകും. 2028നകം നിർമാണം പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന കെട്ടിടത്തിലെ ഫ്ലാറ്റുകളുടെ വിൽപന 2025 ഫെബ്രുവരിയിൽ ആരംഭിക്കും. ഏഴ് സാംസ്‌കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു-ഓൾ-സ്യൂട്ട് സെവൻ-സ്റ്റാർ ഹോട്ടലും പെന്‍റ്ഹൗസുകൾ ഉൾപ്പെടെയുള്ള വിവിധ വസതികളും ടവറിൽ അവതരിപ്പിക്കും.
അപാർട്ടുമെന്‍റുകൾ, അവധിക്കാല വസതികൾ. വെൽനസ് സെന്‍ററുകൾ, നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡന്‍റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ബുർജ് അസീസി വാഗ്ദാനം ചെയ്യുന്നു.
ഷെയ്ഖ് സായിദ് റോഡിലെ ഒരേയൊരു ഫ്രീ ഹോൾഡ് പ്രോപർട്ടിയായ ബുർജ് അസീസി എൻജിനീയറിങ്ങിന്‍റെയും ഡിസൈനിന്‍റെയും അദ്ഭുതമായിരിക്കും പുതിയ കെട്ടിടം. ഏഴ് നിലകളിലായി വ്യാപിച്ചുകിടക്കുന്ന വെർട്ടിക്കൽ റീട്ടെയിൽ സെന്‍റർ, ഒരു ആഡംബര ബോൾറൂം, ബീച്ച് ക്ലബ് എന്നിവയും ടവറിൽ ഉൾപ്പെടും. ലെവൽ 11-ലെ ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, 126-ലെ ഏറ്റവും ഉയർന്ന നിശാക്ലബ്, 130-ലെ ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ലെവൽ 122-ൽ ദുബായിലെ ഏറ്റവും ഉയർന്ന റസ്റ്ററന്‍റ്, ഏറ്റവും ഉയർന്ന ഹോട്ടൽ മുറി തുടങ്ങി ഒട്ടേറെ ലോക റെക്കോർഡുകൾ ബുർജ് അസീസി സ്വന്തമാക്കും.
ടവറിൽ ഉയർന്ന നിലവാരമുള്ള എഫ് ആൻഡ് ബി ഓപ്ഷനുകളും മറ്റ് സവിശേഷമായ സൗകര്യങ്ങളുമുണ്ടെന്ന് അസീസി ഡെവലപ്‌മെന്‍റ്സിന്‍റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു.