പ്രവാസ ലോകത്ത് ‘മത്തി’ കിട്ടാനില്ല; മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യങ്ങൾക്ക് പൊള്ളുന്ന വില
Mail This Article
ദുബായ് ∙ യുഎഇയിലെ പല സൂപ്പർ – ഹൈപ്പർ മാർക്കറ്റുകളിലും മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമായ മത്തി കിട്ടാനില്ല. മത്തിക്ക് കിലോഗ്രാമിന് 20 ദിർഹത്തോളമെത്തിയതിനാൽ ആവശ്യക്കാർ കുറഞ്ഞതാണ് ഇവരെയെല്ലാം മത്തി വിൽപനയ്ക്ക് വയ്ക്കുന്നതിൽ നിന്നകറ്റുന്നത്. അതേസമയം, അയല ഉൾപ്പെടെയുള്ള മീനുകൾക്കും മാർക്കറ്റില്‍ പൊള്ളുന്ന വിലയാണ്. ഏറെ കാലത്തിന് ശേഷമാണ് മത്തി യുഎഇ വിപണിയിൽ നിന്ന് അപ്രത്യക്ഷതമായതെന്ന് പ്രവാസികൾ പറയുന്നു.
ഫാമിൽ വളർത്തുന്ന ചെമ്മീനിന് കിലോയ്ക്ക് 46 ലേറെ ദിർഹമാണ് പ്രമുഖ ഹൈപ്പർമാർക്കറ്റിൽ ഈടാക്കുന്ന വില. മീഡിയം വലിപ്പമുള്ള അയലയ്ക്ക് കിലോയ്ക്ക് 20 ദിർഹം, അയക്കൂറ(നെയ് മീൻ) കിലോയ്ക്ക് 65 ദിര്‍ഹം, നൈൽ പെർച്–43 ദിർഹം എന്നിങ്ങനെ പോകുന്ന വില. ചൂടുകാലമായതിനാൽ മത്സ്യലഭ്യത കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം. ഇപ്രാവശ്യം വേനൽക്കാലം തുടങ്ങിയത് മുതൽ മത്സ്യങ്ങൾക്ക് വിലക്കൂടുതലാണ്.
ഒമാനിൽ നിന്നാണ് ദുബായിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. പ്രത്യേകിച്ച് മത്തി. മലയാളികളിൽ ഭൂരിഭാഗവും മത്തി പ്രേമികളായതിനാൽ വൻ തോതിൽ ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഇതര ഇന്ത്യൻ സംസ്ഥാനക്കാരും ഫിലിപ്പീൻസ്, ഈജിപ്ത് സ്വദേശികളും അടുത്തകാലത്തായി യഥേഷ്ടം മത്തി കഴിക്കുന്നു. നേരത്തെ കിലോയ്ക്ക് നാല് മുതൽ അഞ്ച് ദിർഹം വരെയുണ്ടായിരുന്ന മത്തിക്ക് ഏതാണ്ട് ഒരുവർഷത്തിലേറെയായി കിലോയ്ക്ക് പത്ത് ദിർഹത്തിൽ കൂടുതലാണ്.
ഷേരി, ആവോലി, ചൂര, ലേഡീസ് ഫിംഗർ, ചെമ്പല്ലി, സുൽത്താൻ ഇബ്രാഹിം, സ്രാവ്, പ്രാചി, മോത, കാളഞ്ചി, മുള്ളൻ, കൂന്തൽ, മാന്തൾ, ഞണ്ട് തുടങ്ങിയ മലയാളികളിഷ്ടപ്പെടുന്ന മീനുകൾക്കും വിലക്കൂടുതൽ തന്നെ. അതേസമയം, ദുബായിലെ മത്സ്യ മാർക്കറ്റുകളിൽ മത്തിയുണ്ടെങ്കിലും വിലക്കൂടുതലാണ്. തണുപ്പുകാലം വന്നാൽ മത്സ്യങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് മത്സ്യപ്രിയർ.
പോഷകങ്ങള്‍ കൂടുതലടങ്ങിയ മത്സ്യമായ മത്തി കഴിഞ്ഞ കുറച്ച്ദിവസങ്ങളായി കിട്ടാനാകാത്തതിൽ ഖേദമുണ്ടെന്ന് ദുബായ് മുഹൈസിനയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി രാജീവ് നാഥ് പറഞ്ഞു. പുതുതലമുറയ്ക്ക് ഒരുപക്ഷേ, മത്തി അത്ര ഇഷ്ടമല്ലായിരിക്കാം. എന്നാൽ അഞ്ച് വയസുള്ള മകനും മത്തി ഇഷ്ടം തന്നെ. മത്തി പൊരിച്ചാലുള്ള മണം വീടാകെ പരക്കുമെന്നതിനാൽ കറി വയ്ക്കുക മാത്രമാണ് ചെയ്യാറുള്ളതെന്ന് ഷാർജയിൽ താമസിക്കുന്ന തൃശൂർ സ്വദേശി ഷീബ പ്രമോദ് പറഞ്ഞു. പക്ഷേ, മത്തി ലഭ്യമല്ലാതായപ്പോഴാണ് 'വില' ഏറ്റവും കൂടുതൽ മനസിലായത്. കോഴിക്കോടുകാരൻ ഹസീം ഇബ്രാഹിമിനും മത്തിയില്ലാത്ത പ്രവാസ ജീവിതം ആലോചിക്കാൻ വയ്യ.