ലോകകപ്പ് ഫുട്ബോള് യോഗ്യത: ഖത്തർ, യു എ ഇ പോരാട്ടം നാളെ
Mail This Article
ദോഹ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മൂന്നാം റൗണ്ടിലെ ഖത്തർ-യുഎഇ മത്സരം നാളെ വൈകുന്നേരം 7 മണിക്ക് അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. മത്സരം കാണാനായി ഖത്തർ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ എത്തും.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ട വിവരമനുസരിച്ച്, മത്സരത്തിന്‍റെ 75 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. 10 റിയാലും 30 റിയാലുമാണ് ടിക്കറ്റുകളുടെ നിരക്ക്. ഖത്തർ ഫുട്ബോൾ അസോസിയേഷന്‍റെ വെബ്സൈറ്റ് (tickets.qfa.qa/qfa) വഴി മാത്രമേ ടിക്കറ്റ് ലഭിക്കൂ എന്നും അധികൃതർ അറിയിച്ചു.
അക്രം അഫീഫ് അടക്കമുള്ള സൂപ്പർ താരങ്ങൾ അടങ്ങുന്ന ഖത്തർ ടീം ലോകകപ്പ് യോഗ്യതയുടെ നിർണായക ഘട്ടമായ മൂന്നാം റൗണ്ടിലെ ആദ്യ അങ്കം സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തോടെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത മാസം 10ന് ഉത്തര കൊറിയക്കെതിരായാണ് ഖത്തറിന്‍റെ അടുത്ത മത്സരം.
∙ കാണികൾക്കുള്ള നിർദ്ദേശങ്ങൾ
സ്റ്റേഡിയം ഗേറ്റുകൾ: വൈകുന്നേരം 4 മണി മുതൽ സ്റ്റേഡിയം ഗേറ്റുകൾ തുറക്കും.
ടിക്കറ്റ് പരിശോധന: സാധുവായ ടിക്കറ്റില്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. മത്സര ദിവസം സ്റ്റേഡിയത്തിൽ ടിക്കറ്റുകളൊന്നും വിൽക്കില്ല.
പാർക്കിങ്: പടിഞ്ഞാറൻ പാർക്കിങ് സ്ഥലം ഫാൻ പാർക്കിങ്ങിനായി സജ്ജീകരിച്ചിട്ടുണ്ട്.
മെട്രോ: കളി കാണാൻ വരുന്നവർ പരമാവധി മെട്രോ ഉപയോഗിക്കണം. ഗ്രീൻ ലൈൻ മെട്രോയാണ് സ്റ്റേഡിയത്തിലേക്ക് എത്താൻ ഉപയോഗിക്കേണ്ടത്.
സൗകര്യങ്ങൾ: സ്റ്റേഡിയത്തിനുള്ളിൽ ഒന്നിലധികം റസ്റ്ററന്‍റുകളും പ്രാർഥനാ സ്ഥലങ്ങളും ലഭ്യമാണ്.