പ്രവാസികൾക്ക് 'പൊലീസ് കോൾ', അറസ്റ്റ് വാറന്റും യാത്രാവിലക്കും; പണം നഷ്ടപ്പെട്ടവർ അനേകം
Mail This Article
കുവൈത്ത്സിറ്റി ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ന പേരിൽ അന്താരാഷ്ട്ര സംഘങ്ങള്‍ വ്യാപകമായി പ്രവാസികളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ്, ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം വ്യാഴാഴ്ച വീണ്ടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.
പൊലീസ് അധികാരികള്‍ എന്ന വ്യാജേന മൊബൈല്‍ ഫോണിലൂടെയും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമുകളിലൂടെയും വ്യക്തികളെ വിളിച്ച് കുവൈത്തില്‍ കേസുണ്ടന്ന് പറഞ്ഞ് പണം ആവശ്യപ്പെടും. തുടര്‍ന്ന്, വിശ്വസിപ്പിക്കാനായി വിഡിയോ കോളിലൂടെ പൊലീസ് വേഷധാരിയായി വന്ന് അറബിയില്‍ കേസ് സംബന്ധിച്ച് സംസാരിക്കും. അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് എന്നിവ ഏര്‍പ്പെടുത്താതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെടുകയാണ് പതിവ്.
ഇത്തരത്തില്‍, പേടിച്ച് നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. എന്നാല്‍, തട്ടിപ്പ് സംഘങ്ങളുടെ ഇത്തരം കെണിയില്‍ വീഴരുതെന്ന് ഒന്നിലധികം തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആൻഡ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി. ആര്‍ക്കും ബാങ്ക് ഡീറ്റെല്‍സ് നല്‍കാതിരിക്കുക. മന്ത്രാലയം വ്യക്തികളുമായി ദൃശ്യ സമ്പര്‍ക്കത്തിലൂടെ ആശയവിനിമയം നടത്തുന്നില്ല, ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.