30 വർഷം ലബനന്റെ സാമ്പത്തിക രക്ഷകൻ, പിന്നാലെ അഴിമതി ആരോപണങ്ങൾ, ഒടുവിൽ അഴിക്കുള്ളിൽ; രിയാദ് സലാമയുടെ ജീവിതം
Mail This Article
ബെയ്റൂത്ത് ∙ ലബനന്റെ സാമ്പത്തിക കാര്യത്തിലെ അവസാന വാക്കായിരുന്നു കഴിഞ്ഞ മുപ്പതുകൊല്ലവും രിയാദ് സലാമ. ലബനൻ സെൻട്രൽ ബാങ്കിന്റെ ഗവർണറായി കഴിഞ്ഞ മുപ്പതുകൊല്ലവും മറ്റൊരു പേരുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ, രിയാദ് സലാമയെ അറസ്റ്റ് ചെയ്തിരിക്കുന്നു. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി അഴിമതി ആരോപണങ്ങളാണ് രിയാദ് സലാമ എന്ന സാമ്പത്തിക വിദഗ്ധനെ അഴിക്കുള്ളിൽ എത്തിച്ചത്. ബ്രോക്കറേജ് കമ്പനിയുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന ആരോപണമാണ് സലാമയെ അഴിക്കുള്ളിലാക്കിയത്. ബെയ്റൂത്ത് അശ്‌റഫിയയിലെ ആഭ്യന്തര സുരക്ഷാ സേനാ ജയിലിലേക്കാണ് സലാമയെ മാറ്റിയത്.
73 കാരനായ രിയാദ് സലാമ മുപ്പതു വര്‍ഷമാണ് ലബനൻ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പദവി വഹിച്ചത്. എന്നാല്‍ അവസാന മാസങ്ങളില്‍ ലബനിലെയും മറ്റു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പ് ഫണ്ടുകള്‍ വഴിയുള്ള അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള സാമ്പത്തിക തിരിമറികൾ നടത്തിയെന്ന ആരോപണം ഉയർന്നു. വരുമാനവുമായി ബന്ധപ്പെട്ട ബ്രോക്കറേജ് സേവനങ്ങള്‍ നല്‍കുന്ന ലബനീസ് കമ്പനി ഒപ്റ്റിമം ഇന്‍വെസ്റ്റുമായി ബന്ധപ്പെട്ട് 2015 നും 2018 നും ഇടയില്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളിലാണ് അറസ്റ്റ്. രിയാദ് സലാമയുടെ സഹോദരന്‍ റജാ സലാമയുടെ നിയന്ത്രണത്തിലുള്ള ഹൗരി അസോസിയേറ്റ്‌സ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തെ ആരോപിക്കപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ രിയാദ് സലാമക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
33 കോടി ഡോളര്‍ പൊതുഫണ്ടില്‍ നിന്ന് കിക്ക്ബാക്ക് വഴി കൈമാറ്റം ചെയ്യാന്‍ ഫൗരി അസോസിയേറ്റ്‌സിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. കേസ് ബെയ്‌റൂത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുന്നതിനു മുമ്പായി രിയാദ് സലാമയെ നാലു ദിവസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. ഒപ്റ്റിമം ഇന്‍വെസ്റ്റുമായുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ഇടപാടുകളെ കുറിച്ചുള്ള ഹിയറിങ്ങിന് ശേഷം സലാമയെ പാലസ് ഓഫ് ജസ്റ്റിസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.