സൗദി: സിസിടിവി ഉപയോഗത്തിന് പുതിയ നിയമം; അറിയാം നിബന്ധനകളും പിഴകളും
Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ (സിസിടിവി) ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കി. സിസിടിവി റെക്കോർഡിങ്ങുകൾ അനധികൃതമായി പരസ്യപ്പെടുത്തുന്നതിനും പുറത്തുവിടുന്നതിനും 20,000 റിയാൽ വരെ പിഴ ചുമത്തും.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയമത്തിൽ സിസിടിവി സിസ്റ്റത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട 18 തരം ലംഘനങ്ങൾക്ക് പിഴ നിശ്ചയിച്ചിട്ടുണ്ട്. സിസിടിവി റെക്കോർഡിങ്ങുകൾ പ്രസിദ്ധീകരിക്കുക, കൈമാറുക, നശിപ്പിക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 20,000 റിയാൽ വീതം പിഴ ചുമത്തും.
പബ്ലിക് സുരക്ഷാ വിഭാഗത്തിന്‍റെ അനുമതിയില്ലാതെ തെർമൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് 10,000 റിയാൽ പിഴയും, വ്യവസ്ഥാ രേഖയിൽ പറഞ്ഞിരിക്കുന്ന സാങ്കേതിക സവിശേഷതകൾ ലംഘിക്കുന്ന സിസിടിവി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിന് 500 റിയാൽ പിഴയും ചുമത്തും.
വനിതാ സലൂണുകൾ, വനിത ക്ലബുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസിഡൻഷ്യൽ യൂണിറ്റുകൾ, മെഡിക്കൽ ഓപ്പറേഷൻ റൂമുകൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രികളിലെ മെഡിക്കൽ പരിശോധന മുറികൾ, ഫിസിയോതെറാപ്പി മുറികൾ, വസ്ത്രം മാറുന്ന മുറികൾ, കുളിമുറികൾ എന്നിവിടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്.
പൊതു സുരക്ഷയുടെ അനുമതിയില്ലാതെ ക്യാമറകളിൽ ഓഡിയോ റെക്കോർഡിങ് പ്രവർത്തിപ്പിക്കുന്നതിനും പിഴ ചുമത്തും. മാനദണ്ഡങ്ങൾ പ്രകാരമുള്ള സിസിടിവി സിസ്റ്റം സ്ഥാപിക്കാത്തതിന് ആയിരം റിയാൽ പിഴയും, നിശ്ചിത കാലയളവ് അനുസരിച്ച് റെക്കോർഡിങുകൾ സൂക്ഷിക്കാത്തതിന് അയ്യായിരം റിയാൽ പിഴയും നൽകേണ്ടി വരും.
ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന വിവരം രേഖപ്പെടുത്തിയ ബോർഡുകൾ എല്ലാ പ്രവേശന കവാടങ്ങളിലും സ്ഥാപിക്കാത്തതിനും ആയിരം റിയാൽ പിഴ ചുമത്തും.