കപ്പല്‍ യാത്രികര്‍ക്ക് പത്ത് ദിവസത്തെ സൗജന്യ വീസ പ്രഖ്യാപിച്ച് ഒമാന്‍
Mail This Article
മസ്‌കത്ത് ∙ ആഡംബര കപ്പല്‍ യാത്രികര്‍ക്ക് പത്ത് ദിവസത്തെ സൗജന്യ വീസ പ്രഖ്യാപിച്ച് ഒമാന്‍. ഇതിന് പുറമെ 30 ദിവസം വരെയുള്ള വീസക്കും സൗകര്യമൊരുക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് ആൻഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറാഖിയുടെ 132/2024 നമ്പര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് പത്ത് ദിവസത്തെ സൗജന്യ വീസ അനുവദിക്കുക. ഇതിന് ഏജന്റ് മുഖാന്തരം അപേക്ഷിക്കണം. വീസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ പ്രവേശിക്കണം. ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വീസാ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസം വരെ വീസ നേടുന്നതിന് അവസരമുണ്ട്. വീസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ പ്രവേശിക്കണമെന്നും നിബന്ധനയുണ്ട്.
ആഡംബര കപ്പല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പത്ത്, 30 ദിവസത്തെ വീസകള്‍ അനുവദിക്കുന്നത്. വരാനിരിക്കുന്ന ക്രൂസ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനം വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കപ്പല്‍ സഞ്ചാരികളാണ് ഒമാനിലെത്താറുള്ളത്. മസ്‌കത്ത്, സലാല. ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകള്‍ നങ്കൂരമിടുന്നത്.