ADVERTISEMENT

അബുദാബി/ന്യൂഡൽഹി–ഇന്ത്യൻ സന്ദർശനത്തിനെത്തിയ ‌അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനും  പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള വഴികൾ ആരായാനും കൂടിക്കാഴ്ച വഴിയൊരുക്കി.

ഇന്ന് (തിങ്കളാഴ്ച) ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ മോദി ഷെയ്ഖ് ഖാലിദിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മോദിയുടെ ക്ഷണപ്രകാരം ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡൽഹിയിലെത്തിയത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധങ്ങൾ മോദിയും ഷെയ്ഖ് ഖാലിദും അവലോകനം ചെയ്തു. സഖ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുകയുണ്ടായി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി വിവിധ സഹകരണ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചർച്ച. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടും സന്ദർശിക്കും

നാളെ( 10) മുംബൈയിൽ നടക്കുന്ന യുഎഇ–ഇന്ത്യ ബിസിനസ് ഫോറത്തിൽ  അബുദാബി കിരീടാവകാശി പങ്കെടുക്കും. സമ്മേളനത്തിൽ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരും പങ്കെടുക്കും. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുഎഇയുടെയും ഇന്ത്യയുടെയും ചരിത്രപരമായ എല്ലാ സുപ്രധാന മേഖലകളിലെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകളെക്കുറിച്ചും ചർച്ചകൾ നടന്നു.  യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒട്ടേറെ തന്ത്രപരമായ കരാറുകൾ പ്രഖ്യാപിച്ചു. ഈ കരാറുകളും പങ്കാളിത്തങ്ങളും പൊതു-സ്വകാര്യ മേഖലകളിലെ പരസ്പര താൽപര്യമുള്ള മുൻഗണനാ മേഖലകളെ ഉൾക്കൊള്ളുന്നു. ഇത് രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള സമഗ്രമായ സാമ്പത്തിക സഹകരണ അഭിലാഷങ്ങളുടെ തുടർച്ചയായ നേട്ടം ഉറപ്പാക്കുകയും ചെയ്യുന്നു.  

∙അഡ്നോക്– ഇന്ത്യൻ ഓയിൽ; 15 വർഷത്തെ  എൽഎൻജി കരാറിൽ
അഡ്‌നോക്കിന്റെ ലോവർ-കാർബൺ റുവൈസ് എൽഎൻജി പദ്ധതിയിൽ നിന്ന് പ്രാഥമികമായി എൽഎൻജിയുടെ പ്രതിവർഷം 10 ലക്ഷം മെട്രിക് ടൺ (എംഎംടിപിഎ) ഇന്ത്യൻ ഓയിലുമായി 15 വർഷത്തെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കരാറിൽ അഡ്‌നോക് ഒപ്പുവച്ചു. നിലവിലുള്ള എണ്ണ സംഭരണ കരാർ നീട്ടുന്നതിനും ഇന്ത്യയുടെ ഊർജ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡുമായി അഡ്‌നോക് തന്ത്രപരമായ കരാറിലെത്തി. 

∙ഫുഡ് ആൻഡ് അഗ്രികൾചറൽ പാർക് വികസനം
ഇന്ത്യയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു പ്രധാന ഫുഡ് ആൻഡ് അഗ്രികൾചറൽ പാർക് വികസിപ്പിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയായ എഡിക്യു ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.  അതിനിടെ, എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച, ആണവോർജ വികസനത്തിന്റെ എല്ലാ മേഖലകളിലും അറിവ് പങ്കിടുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള ഔപചാരിക പിന്തുണ പ്രദാനം ചെയ്യുന്നു. 

English Summary:

Abu Dhabi Crown Prince to meet with the President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com