ADVERTISEMENT

ദുബായ് ∙ പൊതുഗതാഗത മേഖലയുടെ തലവര മാറ്റിയെഴുതിയ ദുബായ് മെട്രോയ്ക്ക് ഇന്ന് 15–ാം പിറന്നാൾ. വാഹനപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന നഗരത്തിനു മേൽ സുസ്ഥിരതയുടെ ചൂളം വിളികളുമായി ദുബായ് മെട്രോ നഗരജീവിതത്തിന്റെ ഗതിവേഗം നിർണയിച്ചു പായുകയാണ്. 15 വർഷത്തിനിടെ 240 കോടി പേർ മെട്രോയിൽ സഞ്ചരിച്ചതായാണ് കണക്ക്. ദൈനംദിനം 7.3 ലക്ഷം യാത്രക്കാരുടെ ആശയും അത്താണിയുമാണ് ദുബായ് മെട്രോ. 

വൈകുക എന്നത് മെട്രോയുടെ നിഘണ്ടുവിൽ ഇല്ല. കൃത്യതയുടെ കാര്യത്തിൽ 99.7% ആണ് മാർക്ക്. അപകടരഹിത യാത്ര എന്ന മേൽവിലാസവും ഇതിനകം മെട്രോ സമ്പാദിച്ചു. മെട്രോ നടത്തിയ ആകെ യാത്രകളുടെ എണ്ണം 43 ലക്ഷം കവിഞ്ഞു, പിന്നിട്ടത് 2.68 കോടി കിലോമീറ്ററും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ ദൃഢനിശ്ചയത്തിന്റെ അടയാളമാണ് ഉയർന്ന തൂണുകളിൽ തലയെടുപ്പോടെ പായുന്ന മെട്രോയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. 

09.09.09 ദിനത്തിലാണ് മെട്രോ ആദ്യം ഓടിത്തുടങ്ങിയത്. ആകെ 52 കിലോമീറ്ററായിരുന്നു തുടക്കകാലത്തെ ദൂരപരിധി. അതു കാലക്രമത്തിൽ 90 കിലോമീറ്ററായി വർധിച്ചു. 10 സ്റ്റേഷനിൽ നിന്ന് 53 സ്റ്റേഷനായി വളർന്നു.  79 ട്രെയിനുകളിൽ നിന്ന് 129 ട്രെയിനുകളായി. 2009 സെപ്റ്റംബർ 10ന് മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20,000 ആയിരുന്നെങ്കിൽ 2023 സെപ്റ്റംബർ 3ന് യാത്രക്കാർ 7.67 ലക്ഷം കടന്നു. പുതുവത്സരാഘോഷം പോലെ അതിപ്രധാന അവധി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം 9 ലക്ഷം വരെ എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോയെന്ന  പദവി ഇന്നും ദുബായ് മെട്രോയ്ക്ക് സ്വന്തമാണ്.  

ദുബായ് മെട്രോയ്ക്കു വേണ്ടി ചെലവഴിച്ച പണം, വിവിധ മേഖലയിലെ വികസന കുതിപ്പിലൂടെ മെട്രോ തിരികെ നൽകുന്നു. മെട്രോ യാഥാർഥ്യമായതോടെ രാജ്യാന്തര സമ്മേളനങ്ങളും ഉച്ചകോടികളും നേടുന്നതിൽ ദുബായുടെ മത്സരക്ഷമത കൂടി. എക്സ്പോ 2020 ഇതിൽ പ്രധാനമാണ്. സ്വന്തമായി വാഹനമില്ലാത്തവരുടെ ആശയും സ്വപ്നവുമാണ് മെട്രോ. റോഡിലെ തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതിലും മെട്രോയുടെ സേവനം നിർണായകമായി. 

ഇനി വരാനുള്ളത് മെട്രോയുടെ ബ്ലൂ ലൈനാണ്. 30 കിലോമീറ്ററിൽ 14 സ്റ്റേഷനുകളുമായി ബ്ലൂ ലൈൻ എത്തുന്നതോടെ ദുബായ് പൂർണമായും മെട്രോയുടെ പരിധിയിലാകും. 2040 നഗര വികസന ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ബ്ലൂ ലൈൻ നിർമിക്കുന്നത്. 10 ലക്ഷം ജനങ്ങളാണ് ഈ ലൈനിന്റെ ഗുണഭോക്താക്കൾ. 

നിലവിലെ റെഡ്, ഗ്രീൻ ലൈനുകളെ ബ്ലൂ ബന്ധിപ്പിക്കുകയും കൂടി ചെയ്യുന്നതോടെ വിവിധ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള വേഗം വർധിക്കുകയാണ്. യാത്രാ സമയം 25 മിനിറ്റിൽ നിന്ന് 10 മിനിറ്റിലേക്കു കുറയും.

English Summary:

Dubai Metro is celebrating its 15th anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com