‘ഇത്രയേറെ വിഭവങ്ങൾ എങ്ങനെ കഴിച്ചുതീർക്കും’; ഓണസദ്യ കണ്ട് അമ്പരന്ന് വിദേശികൾ
Mail This Article
അബുദാബി ∙ തിരുവോണത്തിന് ഒരാഴ്ച ശേഷിക്കെ ഗൾഫിൽ ഓണാഘോഷങ്ങൾ ഉഷാർ. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ആഘോഷം നടക്കുന്നത്. ഇതുമൂലം ഓണക്കച്ചവടവും പൊടിപൊടിക്കുന്നു.
അവധി ദിവസം ഓണം എത്തിയ ആവേശത്തിലാണ് മലയാളികൾ. എങ്കിലും ഓഡിറ്റോറിയത്തിന്റെ ലഭ്യതക്കുറവും സംഘടനകളുടെ ആധിക്യവും മൂലം ആഘോഷം വാരാന്ത്യങ്ങളിലേക്ക് നീളും. ഞായറാഴ്ചകളിൽ ഒന്നിലേറെ ഓണാഘോഷമാണ് നടക്കുന്നത്. ഓണത്തിന് ആഴ്ചകൾക്കു മുൻപേ തുടങ്ങുന്ന ആഘോഷ പരമ്പര ഡിസംബർ അവസാന വാരം വരെ തുടരും.
മറുനാട്ടുകാരുടേതു കൂടിയാണ് ഗൾഫിലെ ഓണാഘോഷം. ദേശ, ഭാഷ, വർണ, വർഗ വ്യത്യാസമില്ലാതെ ഓണാഘോഷത്തിൽ വിവിധ രാജ്യക്കാർ ഒന്നിക്കുന്നു. കസവ് അണിഞ്ഞ് തിരുവാതിര ചുവടുകൾ വയ്ക്കാനും പൂക്കളമൊരുക്കാനും തൂശനിലയിൽ സദ്യ കഴിക്കാനും കാത്തിരിക്കുന്ന മറുനാട്ടുകാരുണ്ട്. മാവേലി വേഷം കെട്ടാനും മറുനാട്ടുകാർ മത്സരിക്കുകയാണ്. ദുബായിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തിലെ മാവേലി ഈജിപ്തുകാരനായിരുന്നു. മുൻകാലങ്ങളിലും പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ മാവേലിയായിട്ടുണ്ട്. ഓണസദ്യ ഇഷ്ടപ്പെടുന്ന സ്വദേശികളും വിദേശികളും ഒട്ടേറെ. ഇത്രയേറെ വിഭവങ്ങൾ എങ്ങനെ കഴിച്ചുതീർക്കുമെന്നാണ് പലരും ചോദിക്കുന്നത്. പുലിക്കളിയും ചെണ്ടമേളവും തിരുവാതിരയുമെല്ലാം കൗതുകപൂർവം നോക്കി നിൽക്കുകയും താളത്തിന് അനുസരിച്ച് ചുവടുവയ്ക്കുകയും ചെയ്യുമ്പോൾ ഓണത്തിന് ആഗോള നിറവ്.