ഹോസ്പിറ്റാലിറ്റി ടെക് ലീഡേഴ്‌സ് ഫോറം കോൺക്ലേവ് ഈ മാസം 11 മുതൽ
Mail This Article
ദുബായ് ∙ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഐടി തലവന്മാരെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങളിൽ ഐക്യം വളർത്തുന്നതിനും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ഹോസ്പിറ്റാലിറ്റി ടെക് ലീഡേഴ്‌സ് ഫോറം (എച്ടിഎൽഎഫ്) വാർഷിക കോൺക്ലേവ് 2024 ഈ മാസം 11 മുതൽ 14 വരെ ജോർജിയയിലെ ടിബിലിസിയിലെ പുൾമാൻ ഹോട്ടലിൽ നടക്കും.
ഹോസ്പിറ്റലിറ്റി രംഗത്ത് നൂതനമായ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും പ്രവർത്തനങ്ങൾ നേരിൽ കണ്ടും പരീക്ഷണത്തിലൂടെയും മനസ്സിലാക്കാനും ഈ വാർഷിക സംഗമം അവസരമൊരുക്കുന്നതായി അധികൃതർ പറഞ്ഞു. കൂടാതെ, ഹോസ്പിറ്റാലിറ്റി വിവരസാങ്കേതിക രംഗത്ത് ഉന്നതിയിൽ നിൽക്കുന്ന വ്യക്തികളുമായി സംവദിക്കാനും നാല് ദിവസത്തെ പരിപാടികളിൽ അവസരമുണ്ടായിരിക്കും. ഈ വർഷം മുതൽ എച്ടിഎൽഎഫ് ഖത്തർ ഘടകത്തിൽ നിന്ന് പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി ടെക് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അംഗങ്ങളുടെ വളർച്ചയ്ക്കും വിജയത്തിനും പിന്തുണ നൽകുന്നതിനും എച്ടിഎൽഎഫ് മുൻഗണന നൽകുന്നതായി അധികൃതർ പറഞ്ഞു. ഹോസ്പിറ്റലിൽ ഐടി മേഖലയിൽ ഏറ്റവും ഉയർന്ന സാങ്കേതിക വൈദഗ്ധ്യം കൊണ്ട് വിവരസാങ്കേതിക മേഖലയിൽ നൂതനമായ നിലവാരം ഉറപ്പുവരുത്തുന്നതിന് കൂട്ടായ്മ പ്രവർത്തിക്കുന്നു.
ജോലി, സിവി ബാങ്കുകൾ, ഉൽപന്ന ബോധവൽക്കരണ പരിപാടികൾ, സാങ്കേതിക പിന്തുണ, എസ്‌ഒപികൾ, സാങ്കേതികവും, പ്രോപ്പർട്ടി പ്രീ-ഓപണിങ് കൺസൾട്ടേഷൻ സേവനങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവസരങ്ങളും വിഭവങ്ങളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. വികസന സംരംഭങ്ങൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഹോസ്പിറ്റാലിറ്റി ടെക് കമ്മ്യൂണിറ്റിയിലെ വ്യക്തികളുടെ വളർച്ചയ്ക്കും പുരോഗതിക്കും നേരിട്ട് പിന്തുണ നൽകുന്നു. സാങ്കേതിക വിദഗ്ധരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് മുൻതൂക്കവും നൽകുന്നു.
കൂടാതെ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്‍റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ വിവരസാങ്കേതിക വിദ്യയുടെ ഉന്നതമായ സോഫ്റ്റ്‌വെയറുകൾ, പ്രോഗ്രാമുകൾ, ഹാർഡ്‌വെയറുകൾ എന്നിവ അംഗങ്ങൾക്ക് സമയോചിതമായി പരിചയപ്പെടുന്നതിന് അവസരം ഒരുക്കുന്നു. പ്രസിഡന്‍റ് ബൈജു ഫിലിപ്, ഓണററി രക്ഷാധികാരി സ്റ്റേസി സാമുവൽ, പബ്ലിക് റിലേഷൻ ഓഫിസർ മുഹമ്മദ് നൗഫൽ, സെക്രട്ടറി ലിന്റോ തോമസ്, ഇവന്‍റ് കോ ഓർഡിനേറ്റർ സുനിൽ പൂണോളി, ഫിനാൻസ് മാനേജർ മുബീൻ മീത്തൽ, പ്രോഗ്രാം കോഓഡിനേറ്റർ സൽസബീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.