സൗദി: 24 മണിക്കൂറും അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കും
Mail This Article
റിയാദ്∙ സൗദിയിലെ വിവിധ പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം 24 മണിക്കൂറും നീരീക്ഷിക്കുന്നതായി നാഷനൽ സെന്‍റർ ഫോർ എൻവയോൺമെന്‍റൽ കംപ്ലയൻസ് മോണിറ്ററിങ് അറിയിച്ചു. വായുവിന്‍റെ ഗുണനിലവാര സൂചകങ്ങൾ നിരീക്ഷിക്കുന്നതിനായി 240 സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നു. ലോക ശുദ്ധവായു ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇക്കാര്യം നാഷനൽ സെന്‍റർ ഫോർ എൻവയോൺമെന്‍റൽ കംപ്ലയൻസ് മോണിറ്ററിങ് കേന്ദ്രത്തിന്‍റെ പരിസ്ഥിതി ഡാറ്റ ഡയറക്ടർ ഡോ. മുഹമ്മദ് അൽ-ദഗ്ഹരിരി അറിയിച്ചത്.
22 വായു ഘടകങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്നുണ്ട്. ഇത് കേന്ദ്രത്തിന്‍റെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ദിവസവും പ്രസിദ്ധീകരിക്കും. എക്‌സ്ആർ സംവിധാനം വഴി സ്‌റ്റേഷനുകളിൽ നിന്ന് മെയിൻ സെൻട്രൽ യൂണിറ്റിലേക്ക് ഡാറ്റ സ്വയമേവ അയയ്‌ക്കപ്പെടുന്നു. വേഗത്തിൽ അധികൃതർ വിവരം ലഭിക്കുന്നതിനും മലിനീകരണം തടയുന്നതിന് ഉടൻ തന്നെ നടപടികൾ സ്വീകരിക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായു മൂലകങ്ങളിലൊന്നിൽ ഉയർന്ന തോതിലുള്ള മലിനീകരണം അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ദിവസേന വായു ഗുണനിലവാര സൂചകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. പൊതുജനാരോഗ്യം നിലനിർത്തുന്നതിന് ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുക, ഇതിലുടെ പരസ്പരം ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ വൃത്തം വികസിപ്പിക്കുക, ഹരിത ഇടങ്ങൾ വർധിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന നിരവധി സംരംഭങ്ങളിലൂടെ 2030 ഓടെ കാർബൺ ഉദ്‌വമനം 15-20% കുറയ്ക്കാനും രാജ്യം ലക്ഷ്യമിടുന്നുണ്ട്.