യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും
Mail This Article
ഷാർജ/അബുദാബി ∙ ഷാർജയിലും അബുദാബിയിലും ഇന്നലെ(ഞായർ) വൈകിട്ട് മഴയും ആലിപ്പഴ വർഷവും. യുഎഇയുടെ മറ്റ് ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുമ്പോഴാണ് ഈ പ്രദേശങ്ങളിലുള്ളവർക്ക് അനുഗ്രഹമായി മഴ ലഭിച്ചത്. അൽഐനിലെ അൽ ഷിവൈബിലും ഷാർജയിലെ ഈസ്റ്റ് അൽ മദാമിൽ ഇടിയോടുകൂടിയ കനത്ത മഴയും ആലിപ്പഴ വർഷ മുണ്ടായതായി കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി–എൻസിഎം) പ്രവചിക്കുന്നത്. ചിലയിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കും കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ എൻസിഎം ചില പ്രദേശങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 മുതൽ രാത്രി എട്ടുവരെയാണ് ജാഗ്രതാ നിർദേശം.
മഴയോടൊപ്പമുള്ള സംവഹന മേഘ രൂപീകരണത്തെക്കുറിച്ചും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. ഇത് പൊടിക്കാറ്റായി മാറി ചില കിഴക്കൻ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 3,000 മീറ്ററിൽ താഴെയായി കുറയുന്നതിനും കാരണമാകുന്നു. വാഹനമോടിക്കുന്നവർക്കു ജാഗ്രതാ നിർദേശം നൽകി.