നാക്കു പിഴയില്ല; പറയുന്നത് ആലോചിച്ച്: മന്ത്രി സജി ചെറിയാൻ
Mail This Article
അബുദാബി ∙ സംസ്ഥാന രാഷ്ട്രീയ, സാംസ്കാരിക അന്തരീക്ഷത്തിൽ എന്തു പറഞ്ഞാലും വിവാദമാകുകയാണെന്നും നാക്കുപിഴയില്ല, പറയുന്നത് ആലോചിച്ച് കരുതിക്കൂട്ടി തന്നെയെന്നും മന്ത്രി സജി ചെറിയാൻ. മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിലുള്ള നൂറാമത് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബാലകേരളം ഗൾഫിലേക്കും
മലയാളം മിഷൻ മാതൃകയിൽ തുടങ്ങാൻ ഒരുങ്ങുന്ന ബാലകേരളം ഗൾഫിലും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മാനുഷിക മുഖം മാറി ജാതി, മത, വർഗീയ, ഭീകരവാദം തുടങ്ങി തെറ്റായ ചിന്തകളിലേക്ക് പോകുന്ന കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാനും നേരായ വഴിയിലേക്കു നയിക്കാനുമാണ് ബാലകേരളം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ മാത്രം പഠിച്ചാൽ പോര, അതിനപ്പുറത്തേക്കു ചില വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുണ്ട്. പ്രവാസി സംഘടനകളെക്കാൾ ഐക്യ പ്രസ്ഥാനമായി മലയാള മിഷന്റെ ഭാഷാപഠന കേന്ദ്രങ്ങൾ മാറിയത് അഭിമാനകരമായ നേട്ടമാണ്. വയനാട് ദുരിതബാധിതരെ ചേർത്തുപിടിക്കാൻ മലയാള മിഷൻ ക്യാംപെയ്ൻ നടത്തിയതും ആശാവഹമാണെന്ന് മന്ത്രി പറഞ്ഞു.
സമ്പൂർണ മാതൃഭാഷ സാക്ഷര പ്രവാസ സമൂഹത്തെ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിദേശത്തെ സ്കൂളുകളിൽ മലയാളം മിഷൻ ക്ലബ് വ്യാപകമാക്കും. 70ലധികം രാജ്യങ്ങളിൽ മലയാള മിഷൻ പ്രവർത്തിക്കുന്നുണ്ട്. ബാക്കി രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.