യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു; പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സുരാജ് വെഞ്ഞാറമൂട്
Mail This Article
ദുബായ്∙ യുഎഇയിലെ മുൻ റേഡിയോ അവതാരകൻ തിരുവനന്തപുരം വെഞ്ഞാറമൂട് അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി(48) നാട്ടിൽ അന്തരിച്ചു. റാസൽഖൈമയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ ഏഷ്യയിൽ രണ്ടു പതിറ്റാണ്ടോളം ശശികുമാർ ജോലി ചെയ്തിരുന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. നിലവിൽ സിനിമ, സീരിയൽ രംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു.
കേരളത്തിലെ പ്രധാന സമിതികളിലൂടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭാര്യ: രഞ്ജിനി. മകൻ: ഇന്ദുചൂഢൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശേഷം സ്വവസതിയിൽ. ശശികുമാറിന്‍റെ വിയോഗത്തിൽ പ്രവാസ ലോകത്തെ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചിച്ചു.
∙ വിടപറഞ്ഞത് നാട്ടുകാരനും സുഹൃത്തും: സുരാജ് വെഞ്ഞാറമൂട്
നടൻ സുരാജ് വെഞ്ഞാറമൂടും സമൂഹമാധ്യമത്തിലൂടെ ശശികുമാർ രത്നഗിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. അടുത്തിടെ സിനിമയ്ക്ക് വേണ്ടി കഥ പറയാൻ തന്‍റെയരികിലെത്തി ഏറെ നേരം സംസാരിച്ച ശേഷം മടങ്ങിയതായി സുരാജ് അനുസ്മരിച്ചു.
സുരാജിന്‍റെ അനുശോചനക്കുറിപ്പ്: നാട്ടുകാരനും ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ ശശികുമാർ രത്നഗിരിയുടെ വിയോഗവാർത്ത കേട്ട ഞെട്ടലിലാണ്. കോളജ് ക്യാംപസിലും നാട്ടിലും ഒപ്പമുണ്ടായിരുന്ന ആൾ. പിന്നെ ഏറെക്കാലം കഴിഞ്ഞ് വീണ്ടും കാണുമ്പോൾ അവൻ ദുബായിൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായിക്കഴിഞ്ഞിരുന്നു. പെട്ടെന്നൊരുനാൾ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. സിനിമയെടുക്കാൻ കഥയുമായി അടുത്തിടെ കാണാൻ വന്നു. അന്ന് ഏറെനേരം സംസാരിച്ച് പിരിഞ്ഞതാണ്. ഇന്ന് അതെല്ലാം ഓർമകളാക്കി ശശി യാത്രയായിരിക്കുന്നു. പ്രിയ കൂട്ടുകാരന് ആദരാഞ്ജലികൾ!