‘ജീവകാരുണ്യ ലോഗോ’ പാടില്ല, വിദ്യാർഥികൾ പരിഹാസപാത്രമാകുന്നു; മുന്നറിയിപ്പുമായി ദക്ഷിണ മുനിസിപ്പൽ കൗൺസിൽ
Mail This Article
മനാമ ∙ നിരാലംബരായ വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന ബാഗുകളിലും സ്റ്റേഷനറികളിലും കമ്പനികളുടെ ലോഗോ അച്ചടിക്കുന്നത് നിർത്തണമെന്ന് ദക്ഷിണ മുനിസിപ്പൽ കൗൺസിൽ നിർദേശിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ സ്വയം പ്രചരിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഇത്തരം ബാഗുകളും സപ്ലൈകളും സ്കൂളുകളിൽ കൊണ്ടുവരുന്നത് കുട്ടികളെ പരിഹസിക്കുന്നതിനിടയാക്കുന്നതായി കൗൺസിലർമാർ പറയുന്നു. സ്‌കൂളിൽ പരിഹസിക്കപ്പെടുമെന്ന ഭയന്ന് പേരുകളും ലോഗോകളും മാർക്കർ പേനകൾ ഉപയോഗിച്ച് മറയ്ക്കാനും വിദ്യാർഥികൾ നിർബന്ധിതരാണെന്നും രക്ഷിതാക്കൾ അറിയിച്ചതായി കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
സൊസൈറ്റികളോ കമ്പനികളോ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തായ കാര്യമാണെങ്കിലും, അവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തി സ്വയം വിപണനം ചെയ്യരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭാവനകളായി ലഭിക്കുന്ന പഠന സാമഗ്രികൾ എന്ന രീതിയിൽ അവ സ്‌കൂളുകളിൽ കൊണ്ടുവരുമ്പോൾ വിദ്യാർഥികൾ, അവരുടെ സമപ്രായക്കാർക്കിടയിൽ പരിഹാസപാത്രമാകാനിടയുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകാൻ കാരണം.
ജീവകാരുണ്യത്തിന്‍റെ പേരിൽ ചില കൂട്ടായ്മയുടെയും കമ്പനികളുടെയും ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കൗൺസിലർമാർ കൂട്ടിച്ചേർത്തു. മുൻ കൗൺസിൽ ചെയർമാനും എംപിയുമായ ബദർ അൽ തമീമിയും ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. നല്ല ഉദ്ദേശ്യങ്ങൾ ദോഷത്തിലേക്ക് നയിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയന വർഷത്തിൽ 153,000-ത്തിലധികം വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളിലും 90,000-ത്തിലധികം വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിലും 34,000 നഴ്സറികളിലും കിന്‍റർഗാർട്ടനുകളിലും ചേർന്നതായാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, സർക്കാർ സ്‌കൂളുകൾ തുറന്നതോടെ ഈ വർഷം 277,000 വിദ്യാർഥികളുടെ റെക്കോർഡ് പ്രവേശനം ഉണ്ടായി.